കീഴ്പ്പള്ളി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി വട്ടപ്പറമ്പിൽ മൊബൈൽ സിഗ്നൽ ലഭിക്കാൻ ആളുകൾക്ക് മരത്തിൽ കയറേണ്ട അവസ്ഥയാണ്. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാർഡുകൾ ചേരുന്ന വട്ടപ്പറമ്പ് പ്രദേശത്ത് ഒന്നര വർഷം മുൻപ് സ്ഥാപിച്ച ബിഎസ്എൻഎൽ ടവർ വെറും നോക്കുകുത്തിയായി അവശേഷിക്കുകയാണ്. ആറളം ഫാമിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ ഇവിടെ കാട്ടാനകൾ എത്തുന്നത് പതിവാണ്. വന്യജീവി അക്രമണം ഉണ്ടാകുമ്പോഴോ മറ്റേതെങ്കിലും രീതിയിലുള്ള അത്യാവശ്യഘട്ടത്തിലോ ആളുകൾക്ക് പരസ്പരം ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണ് വട്ടപ്പറമ്പിലുള്ളത്. മൊബൈൽ റേഞ്ച് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വട്ടപറമ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരിട്ടി ബ്ലോക്ക് മെമ്പർ മിനി ദിനേശൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിക്ഷേധ യോഗം പേരാവൂർ എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ദിനേശൻ, ആറളം ഗ്രാമപഞ്ചായത്ത് മെമ്പർ മിനി വിറ്റോ, വാർഡ് മെമ്പർ വത്സ ജോസ്, ബാബു പി ഡി, സോജൻ, അപ്പച്ചൻ പാറക്കൽ, ബാബു പി യു, സി എസ് ജോയ്ഫി, ലിപ് പുളിവേലിൽ എന്നിവർ നേതൃത്വം നൽകി
vattaparambu village without mobile range