ഇരിട്ടി : ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കരകവിഞ്ഞ് ഒഴുകിയ ബാവലി പുഴയിലൂടെ ഒഴുകി എത്തിയ മരങ്ങളും മറ്റും തടഞ്ഞു നിൽക്കുന്ന പാലപ്പുഴ പാലത്തിലെ മരങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു . കാക്കയങ്ങാടിനെയും കീഴ്പ്പള്ളിയെയും ബന്ധിപ്പിക്കുന്ന പാലം ആറളം ഫാമിന്റെ പ്രധാന പ്രവേശന കവാടം കൂടിയാണ് . ഉയരം കുറഞ്ഞ പാലത്തിൽ എല്ലാ മഴക്കാലങ്ങളിലും മരങ്ങളും മറ്റും തങ്ങി നിന്ന് പാലത്തിന് മുകളിലൂടെ വെള്ളം കയറി യാത്ര തടസപ്പെടുന്നത് പതിവാണ് . ഈ വർഷം മൂന്ന് തവണയാണ് പാലത്തിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടത് .
പുഴയിൽ പാലത്തിന് സമീപം രൂപപ്പെട്ടിരിക്കുന്നു മണൽ തിട്ടയും വെള്ളപ്പൊക്കത്തിന് കാരണം ആകുന്നുണ്ട് . ഇത്തവണ എല്ലാ തൂണുകളിലും മരങ്ങളും മറ്റ് ചപ്പുചവറുകളും തങ്ങി നിൽക്കുകയാണ് . നിരന്തം മരങ്ങൾ തങ്ങി നിന്ന് പാലത്തിന് ബലക്ഷയം ഉൾപ്പെടെ സംഭവിച്ചിരിക്കും എന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവെയ്ക്കുന്നത് . താലൂക്ക് ആസ്ഥാനമായ ഇരിട്ടി ഉൾപ്പെടെപ്രധാന സ്ഥലങ്ങളിലേക്ക് പോകുന്നതിനും വരുന്നതിനും ജനങ്ങൾ ഉപയോഗിക്കുന്ന പ്രധാന റോഡുകൂടിയാണ് ഇത് . കൂടാതെ കീഴ്പ്പള്ളി കാക്കയങ്ങാട് മേഖലയിലെ നിരവധി തൊഴിലാളികളും ഇതുവഴിയാണ് എളുപ്പത്തിൽ യാത്രചെയ്യുന്നത് . പാലം അപകടത്തിൽ ആകുന്നതിന് മുൻപ് കുടുങ്ങി കിടക്കുന്ന മരങ്ങളും മണൽ തിട്ടയും നീക്കം ചയ്യാനുള്ള നടപടി അധികൃതർ അടിയന്തിര സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .

Iritty