റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. വേടന്റെ കുടുംബം നല്‍കിയ പരാതിയിലാണ് അന്വേഷണം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊച്ചി പൊലീസ് കമ്മീഷണറാണ് സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ വേടന്റെ സഹോദരന്‍ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു

വേടനെതിരായ കേസുകളും കാര്യങ്ങളും കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്ന് റാപ്പര്‍ വേടന്റെ സഹോദരന്‍ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികള്‍ വരുന്നതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ വേടനെ തൃക്കാക്കര പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ഉണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
Kochi