തിരുവനന്തപുരം :മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞ രണ്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിങ്കളാഴ്ച മരിച്ച തിരുവനന്തപുരം സ്വദേശിയായ 52 വയസ്സുള്ള സ്ത്രീക്കും ഞായറാഴ്ച മരിച്ച കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91കാരനുമാണ് രോഗം സ്ഥിരീകരിച്ചത്..
ഒരാഴ്ചയായി ഇവർ ചികിത്സയിലായിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്നത് തുടർ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാകുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ 19 പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഓമ്പത് മരണം റിപ്പോർട്ട് ചെയ്തു. ആക്കുളത്തെ നീന്തൽ കുളത്തിൽനിന്ന് രോഗം ബാധിച്ച് ചികിത്സയിലുള്ള 17കാരന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. സ്വകാര്യ ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ഐ.സി.യുവിലാണ് ഇപ്പോഴും ചികിത്സ തുടരുന്നത്..

നീന്തൽ കുളത്തിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗ കാരണമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നു കുട്ടികൾക്കും ഇതുവരെ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. കുട്ടികൾ എല്ലാം നിരീക്ഷണത്തിൽ തുടരുകയാണ്. എട്ടുപേരാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. ആരോഗ്യവകുപ്പ് മാർഗരേഖ അടിസ്ഥാനമാക്കി ഊർജിത പ്രതിരോധ പ്രവർത്തനത്തിന് തുടക്കംകുറിച്ചുകഴിഞ്ഞു. കെട്ടിക്കിടക്കുന്ന ജലാശയങ്ങൾ വൃത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്..
നീന്തൽകുളത്തിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്‍റെ സാമ്പിൾ പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനക്ക് നൽകിയിട്ടുണ്ട്. അതിന്‍റെ ഫലം ഉടൻ ലഭിക്കുമെന്നാണ് കരുതുന്നത്. അത് ലഭിച്ചാൽ മാത്രമെ ഏതുതരം അമീബിയ ആണ് 17 കാരന് ബാധിച്ചതെന്ന് അറിയാനാകൂ. അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലും, വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിന് പുറമെ, രോഗത്തിന് കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തിയിട്ടുണ്ട്.
Thiruvanaththapuram