തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭയിലേയ്ക്ക് വന്നില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന് നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. തന്‍റെ നിലപാട് തളളി ഇന്നലെ രാഹുൽ സഭയിലെത്തിയതിൽ കടുത്ത അതൃപ്തിയുണ്ടെങ്കിലും വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മൗനം പാലിക്കുകയാണ്. രാഹുലിനൊപ്പം സഭയിലെത്തിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീറിനെതിരെ കെപിസിസി അധ്യക്ഷന് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നൽകും.
ലൈംഗിക ആരോപണങ്ങളിൽ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലേയ്ക്ക് വരേണ്ട എന്നാ യിരുന്നു പ്രതിപക്ഷ നേതാവിന്‍റെ നിലപാട്. സഭയിൽ വരേണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് അറിയിക്കണമെന്നായിരുന്നു സതീശൻ അനുകൂലികളുടെ ആവശ്യം. എന്നാൽ ഇങ്ങനെ കെപിസിസി ചെയ്തില്ല. പകരം രാഹുലിനെ വിലക്കാനാവില്ലെന്ന് എ ഗ്രൂപ്പ് നിലപാടിനോടായിരുന്നു കെപിസിസിയുടെ പിന്തുണ. നടപടിക്ക് കൈ കൊടുത്തവരെല്ലാെ സതീശനെതിരെ ഒന്നിച്ചു. നേതാക്കളുടെ അനുമതിയോടെ രാഹുൽ സഭയിലേയ്ക്ക് വന്നു. സഭയിലെത്തും മുമ്പ് രാഹുൽ സണ്ണി ജോസഫുമായും സംസാരിച്ചെന്ന് വിവരമുണ്ട്. മണ്ഡലത്തിലെ വിഷയങ്ങളും സജീവമായി ഏറ്റെടുത്തു. സുന്ദരം കോളനിയിലെ പട്ടയ വിതരണം അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രിക്ക് കത്ത് നൽകി. പാലക്കാടേയ്ക്ക് വന്നാൽ പാര്‍ട്ടി സംരക്ഷണമുണ്ടാകുമോയെന്നതിൽ കെപിസിസി നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ പ്രതികരണം.

ഒറ്റപ്പെടുകുയും മറുചേരിക്ക് ബലം കൂടുകയും ചെയ്തതോടെ കെപിസിസി ഭാരവാഹി യോഗത്തിൽ രാഹുൽ വിഷയം വി.ഡി. സതീശൻ ഉന്നയിച്ചില്ല. ഇനി ഒന്നും പറയേണ്ടെന്ന് പ്രതിപക്ഷ നേതാവിനെ അനുകൂലിക്കുന്നവര്‍ അദ്ദേഹത്തോട് പറഞ്ഞെന്നാണ് വിവരം. സഭയിലും മൗനം തുടരുമോയെന്നതിലാണ് ആകാംഷ. നടപടിയെടുത്ത ശേഷവും നിരന്തരം രാഹുലിന് ഉന്നമിട്ട് സതീശൻ മാധ്യമങ്ങളെ കണ്ടതിലെ കടുത്ത അതൃപ്തിയും എതിര്‍ ചേരിക്കുണ്ട്. സസ്പെൻഷൻ എല്ലാവരും കൂടിയാലോചിച്ച് എടുത്തതെന്ന് ഭാരവാഹി യോഗത്തിൽ പറഞ്ഞ കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. ഒരാളെടുക്കുന്ന തീരുമാനമെന്ന പ്രതീതി ഒഴിവാക്കി എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ എടുക്കണമെന്ന ആവശ്യം യോഗത്തിലുണ്ടായി. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വന്നതിനെ സണ്ണി ജോസഫ് ന്യായീകരിക്കുന്പോഴാണ് നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ അദ്ദേഹത്തെയും കെപിസിസി അച്ചടക്ക സമിതിയെയും സമീപിക്കുന്നത്.
Rahulmagootathil