കണ്ണൂർ : കെ.എസ്.യു നേതാക്കളെ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്ത് കൈവിലങ്ങും മുഖംമൂടിയും അണിയിച്ച് ഭീകരവാദികളോടെന്ന പോലെ പെരുമാറിയ കേരള പോലീസിന്റെ നടപടിയിലും നേതാക്കളെ മർദ്ദിക്കുന്നതിനും വീട്ടിൽ കയറി ഗുണ്ടായിസം കാണിക്കുന്നതിനും നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഡി.സി.സി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയ മാർച്ച് ഡി.ഐ.ജി ഓഫീസ് റോഡിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉദ്ഘാടന പ്രസംഗത്തിനിടെ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നും പിരിഞ്ഞു പോകാൻ തയ്യാറാവാതിരുന്ന പ്രവർത്തകരും പോലീസും തമ്മിൽ ഏറെ നേരം സംഘർഷമുണ്ടായി. നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് ശ്രമം പ്രവർത്തകർ ചെറുത്തു.ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്,ജില്ലാ പ്രസിഡണ്ട് എം.സി അതുൽ ഉൾപ്പെടെയുള്ള പോലീസ് വാഹനത്തിൽ കയറ്റിയപ്പോൾ വാഹനം മുന്നോട്ടെടുക്കാൻ സമ്മതിക്കാതെ പ്രവർത്തകർ തടഞ്ഞു. തുടർന്ന് ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം എത്തി മുഴുവൻ പേരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

മാർച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് ഷമ്മാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.സി അതുൽ അധ്യക്ഷത വഹിച്ചു.നേതാക്കളായ ആഷിത്ത് അശോകൻ,കാവ്യാ.കെ,അർജുൻ കോറോം,അലക്സ് ബെന്നി,അക്ഷയ് മാട്ടൂൽ,എബിൻ കേളകം,വൈഷ്ണവ് അരവഞ്ചാൽ,മുബാസ് സി.എച്ച്,നവനീത് ഷാജി,അർജുൻ ചാലാട്,തീർത്ത നാരായണൻ,പ്രകീർത്ത് മുണ്ടേരി,അഹമ്മദ് യാസീൻ,വൈഷ്ണവ് ധർമ്മടം,സൂര്യതേജ്,ഹരികൃഷ്ണൻ പൊറോറ,നിഹാൽ എ.പി,വിവേക് പാലയാട്,ചാൾസ് സണ്ണി, അഭിജിത്ത് കാപ്പാട്, അജേഷ് എസ് എന്നിവർ നേതൃത്വം നൽകി.
Ksudigofficemarch