കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ നടപടി വൈകുന്നതിനെ തുടർന്ന് ദുരിതത്തിലായ കണ്ണൂർ മട്ടന്നൂർ കാനാട്ടെ ഭൂവുടമകൾക്ക് വീണ്ടും ജപ്തിഭീഷണി. വൃക്കരോഗിയായ കാനാട്ടെ ചെമ്പിലാലിൽ നസീറയ്ക്കാണ് കഴിഞ്ഞദിവസം തലശ്ശേരി സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ നോട്ടീസ് ലഭിച്ചത്. ബാങ്കിൽ പണയപ്പെടുത്തിയ സ്ഥലം ഒക്ടോബർ 21-ന് കീഴല്ലൂർ വില്ലേജ് ഓഫീസിൽവെച്ച് ലേലംചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്.
ചികിത്സയ്ക്ക് പോലും പണം കണ്ടെത്താനാകാതെ കഷ്ടപ്പെടുന്ന നസീറയുടെയും ഭർത്താവ് അസ്കറിന്റെയും ദുരവസ്ഥ കാനാട്ടെ ഭൂവുടകളുടെ പ്രശ്നത്തെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചികിത്സയ്ക്കും മറ്റുമായാണ് അഞ്ച് സെന്റ് സ്ഥലവും വീടും പണയപ്പെടുത്തിയത്. വിമാനത്താവളത്തിനായി വിജ്ഞാപനംചെയ്ത സ്ഥലമായതിനാൽ വിൽപന നടത്താനും കഴിയാത്ത അവസ്ഥയിലാണ് ഭൂവുടമകളിൽ പലരും. കാനാട്ടെ പലർക്കും മുമ്പും പല ബാങ്കുകളുടെയും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.
Mattannur