തിരുവനന്തപുരം : പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പടലപ്പിണക്കം പരിഹരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടിട്ടും പ്രശ്ന പരിഹാരത്തിന് തീരുമാനമായില്ല. അഭിപ്രായ ഭിന്നതള്‍ പരിഹരിക്കാന്‍ എം എന്‍ സ്മാകത്തിലെത്തിയ മന്ത്രി ശിവന്‍കുട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി ആര്‍ അനില്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. സി പി ഐയുടെ എതിര്‍പ്പുകള്‍ അത്രകാര്യമാക്കേണ്ടന്ന ആദ്യ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സി പി ഐ എം നേതൃത്വം. കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന് സിപി ഐ എമ്മിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ശിവന്‍കുട്ടിയുടെ എം എന്‍ സ്മാരക സന്ദര്‍ശനം.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസിന് ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ എക്‌സൈസ് വകുപ്പിന്റെ നടപടിക്കെതിരെ ഇതുപോലൊരു പ്രതിഷേധം സി പി ഐ നടത്തിയിരുന്നു. അന്ന് മന്ത്രി എം ബി രാജേഷ് സി പി ഐ ഓഫീസില്‍ നേരിട്ടെത്തി സി പി ഐ നേതാക്കളുമായി സംസാരിച്ചതോടെ മഞ്ഞുരുകുകയായിരുന്നു. നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്നാണ് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ പ്രകാശ് ബാബുവിന്റെ പ്രതികരണം. തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സി പി ഐ വ്യക്തമാക്കുന്നത്. പി എം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന ശക്തമായ നിലപാടാണ് സി പി ഐ ഉയര്‍ത്തിയിരുന്നത്. പി എം ശ്രീ യില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ സിപിഐ ഉയര്‍ത്തിയിരിക്കുന്ന പ്രതിഷേധം കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയിരിക്കയാണ്.
ഒമാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രശനത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന സന്ദേശമാണ് മന്ത്രി വി ശിവന്‍കുട്ടി സിപി ഐ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. എതിര്‍പ്പുകള്‍ പറഞ്ഞു തീര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിനാടനിടയായ സാഹചര്യം സി പി ഐ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ശിവന്‍കുട്ടിയുടെ തിടുക്കത്തിലുള്ള എം എന്‍ സ്മാരക മന്ദിര സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം സി പി ഐ ആസ്ഥാനത്തെത്തിയ മന്ത്രി വി ശിവന്‍ കുട്ടി മുഖ്യമന്ത്രിയുടെ അഭിപ്രായം അറിയിക്കുകയായിരുന്നു. കൂടുതല്‍ പ്രകോപനപരമായ നിലപാടുകള്‍ ഉണ്ടാവരുതെന്നുള്ള നിര്‍ദേശമാണ് മുന്നോട്ടുവച്ചതെന്നാണ് അറിയുന്നത്.
തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെ സി പി ഐ യുടെ എതിര്‍പ്പുകള്‍ തിരിച്ചടിയാവുമെന്ന ആശങ്ക സി പി ഐ എമ്മിനുണ്ട്. സി പി ഐയുടെ പ്രതികരണം പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുമെന്ന ആശങ്കയും മന്ത്രി സി പി ഐ നേതാക്കള്‍ക്ക് മുന്നില്‍ വച്ചെന്നാണ് അറിയുന്നത്. സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് മന്ത്രിമാരും സി പി ഐയുടെ മുതിര്‍ന്ന നേതാക്കളും വ്യക്തമാക്കുന്നത്. രണ്ട് തവണ മന്ത്രിസഭാ യോഗത്തില്‍ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. മന്ത്രിസഭായോഗം തള്ളിക്കളഞ്ഞ പദ്ധതിയില്‍ പിന്നെ എങ്ങിനെ ഒപ്പിട്ടുവെന്നാണ് സി പി ഐ മന്ത്രിമാര്‍ ഉയര്‍ത്തിയ ചോദ്യം.
പി എം ശ്രീ പദ്ധതിയില്‍ മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്ന സി പി ഐയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന അഭിപ്രായം സി പി ഐ എമ്മിലെ ചില നേതാക്കള്‍ക്കും ഉണ്ടെന്നാണ് വിവരം. വിഷയം ആരുമായും ചര്‍ച്ച ചെയ്തല്ല സര്‍ക്കാര്‍ പി എം ശ്രീ പദ്ധതിയുടെ ഭാഗമായതെന്നാണ് ഉയരുന്ന ആരോപണം. സര്‍ക്കാരിന്റെ നയപരമായ വിഷയമായതിനാല്‍ ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ സി പി ഐ യുമായും മറ്റു ഘടകകക്ഷികളുമായും ചര്‍ച്ച ചെയ്തുവേണമായിരുന്നു തീരുമാനമെടുക്കേണ്ടതെന്നാണ് ഒരു വിഭാഗം സി പി ഐ എം നേതാതാക്കളുടെ അഭിപ്രായം. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ പെട്ടെന്നെടുത്ത തീരുമാനമല്ലെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. എതിര്‍പ്പുകള്‍ ഉയരാതിരിക്കാന്‍ മനഃപൂര്‍വ്വം വിഷയം മറച്ചുവെക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആരോപണം.
Pmsreeincpi








































