കേളകം : കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപനം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നടത്തി. എല്ലാ വാർഡുകളും കളിക്കളങ്ങളൊരുക്കിയ കേളകം പഞ്ചായത്ത് സംസ്ഥാനത്തിന്ന് മാതൃകയാണെന്നും, അവസരം ലഭിക്കുമ്പോൾ കേളകത്തിൻ്റെ നേട്ടം നിയമസഭയിൽ അറിയിക്കുമെന്നും സ്പീക്കർ എ.എൻ .ഷംസീർ പറഞ്ഞു.
പ്ലേ ഫോർ ഹെൽത്തി കേളകം എന്ന പേരിൽ ഒരു ജനകീയ കായിക പദ്ധതിയുടെ ഭാഗമായാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയത്. പദ്ധതി വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. ഈ പദ്ധതിയുടെ ഭാഗമായി 140 വിദ്യാർത്ഥികൾക്ക് ഫുട്ബോൾ വോളിബോൾ എന്നിവയിൽ പരിശീലനം നൽകി വരുന്നു. ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരിയായ അഞ്ജലി കെ ജോർജ്ജ് അടക്കമുള്ള ചില പ്രതിഭകൾ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ കേളകത്തു നിന്ന് വളർന്നു വന്നു എന്നത് നമുക്ക് അഭിമാനം പകരുന്നതാണ്. പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുമായി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും ക്ലബ്ബുകളും സഹകരിച്ചു വരുന്നു. ഇതിലൂടെ ഒരു പുതിയ കായിക സംസകാര ത്തിനാണ് കേളകത്ത് തുടക്കം കുറിച്ചത്.
എല്ലാ വാർഡിലും കളിക്കളങ്ങളുള്ള സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി കേളകം മാറിയെന്നു സ്പീക്കർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമപഞ്ചായത്ത്, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പുറംപോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തി 13 വാർഡുകളിലായി ചെറുതും വലുതുമായ 26 കളിക്കളങ്ങളാണ് കണ്ടെത്തിയത്. , ഇതിൽ 13 എണ്ണം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും 13 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അദ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. അത്ലറ്റിക്‌സ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്‌മിന്റൻ, ബാസ്‌കറ്റ് ബോൾ, റോളർ സ്കേറ്റിങ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്സ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യം കേളകത്ത് ഒരുക്കിയിട്ടുണ്ട്. ഇതിൽ ബാസ്‌കറ്റ് ബോൾ, റോളർ സ്കേറ്റിങ് എന്നിവയൊഴികെ എല്ലാ കളികളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഈ മഴക്കാലം കഴിയുന്നതോടെ കളിക്കളങ്ങളെല്ലാം സജീവമാകും. ഇതിന് പുറമെ നാല് കളിക്കളങ്ങൾക്കുള്ള സ്ഥലം കൂടി ലഭ്യമായിട്ടുണ്ട്. കേളകം സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിൽ സ്വതന്ത്ര കായിക ഗവേഷകർ പ്രസാദ് വി ഹരിദാസൻ, പഞ്ചായത്ത് സിക്രട്ടറി എം.പൊന്നപ്പൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, പഞ്ചായത്തംഗം സജീവൻ പാലുമി, വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികളായ കെ.സി ജോർജ്, ജോൺ പടിഞ്ഞാലി, എം.വി.മാത്യു മാസ്റ്റർ, കെ.ജി.വിജയ പ്രസാദ്, കെ.എം.അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പദ്ധതിയുമായി സഹകരിച്ച സ്കുളുകൾക്കും, ക്ലബ്ബുകൾക്കും, പള്ളികൾക്കും ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരങ്ങൾ സമ്മാനിച്ചു.
Kelakamgramapachayath







































