മുംബൈ: വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ വീഴ്ത്തി ആതിഥേയരായ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്‍റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 127 റണ്‍സുമായി ജെമീമ പുറത്താകാതെ നിന്നപ്പോള്‍ അമന്‍ജ്യോത് കൗര്‍ 5 റണ്‍സുമായി വിജയത്തില്‍ ജെമീമക്ക് കൂട്ടായി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റൻ സ്കോര്‍ ഉറപ്പാക്കി.
ഇന്ത്യക്കായി ശ്രീചരിണിയും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഓസിസ് ഇന്ന് ഇന്ത്യക്കെതിരെ കുറിച്ചത്.
Mumbai

 
                    
                    




















.jpeg)



 
                                                    





 
                                






