തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളക്കേസിൽ രണ്ടാം പ്രതിയും മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും മുരാരി ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഇന്നലെ കോടതി റിമാൻഡ് ചെയ്ത ഉണ്ണികൃഷ്ണൻ പോറ്റിയെ തിങ്കളാഴ്ച വീണ്ടും ഹാജരാക്കും. കട്ടിളപ്പാളി തട്ടിയ കേസിലും പോറ്റിയുടെ അറസ്റ്റ് അന്ന് രേഖപ്പെടുത്തിയേക്കും.
തുടർന്നാവും സന്നിധാനത്ത് എത്തിച്ചുളള തെളിവെടുപ്പ്. നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് പോറ്റി. നരേഷ്, ഗോവർധൻ എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും എന്നാണ് വിവരം. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ. നേരത്തെ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തത്തുല്യമായ സ്വർണം പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
കേസില്‍ ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ചിരിക്കുകയാണ് എസ്ഐടി. രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1999 ൽ വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണെന്നും രേഖകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇനി സാവകാശം നൽകാൻ ആകില്ലെന്നും എസ്ഐടി മുന്നറിയിപ്പ് നൽകി.
Sabarimala

 
                    
                    




















.jpeg)



 
                                                    





 
                                






