കണ്ണൂര്‍: ചിത്രം വരച്ച് നല്‍കിയതിൽ അഭിനന്ദിച്ചതോടെ വികാരാധീനയായ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിഹാര എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് മന്ത്രി ചേര്‍ത്ത് നിര്‍ത്തിയത്. ശിവന്‍കുട്ടിയുടെ ചിത്രം വരച്ചുവന്ന കുട്ടി ഈ ചിത്രം മന്ത്രിക്ക് നല്‍കുകയും മന്ത്രി അത് സ്‌നേഹത്തോടെ സ്വീകരിക്കുകയും ചെയ്തു. പിന്നാലെ കരഞ്ഞ കുട്ടിയെ ശിവന്‍കുട്ടി സമാധാനിപ്പിക്കുകയായിരുന്നു. ശിവന്‍കുട്ടി നിഹാരക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂര്‍ ചെറുതാഴം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായിരുന്നു മന്ത്രിയെത്തിയത്. ആ സമയം വരച്ച ചിത്രവുമായി നിഹാരമന്ത്രിക്ക് സമീപമെത്തുകയായിരുന്നു. നിഹാര വരച്ച ചിത്രവും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. പെണ്ണുങ്ങള്‍ കിരീടവുമേന്തി ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോള്‍ നിഹാര മോള്‍ എന്തിന് കരയണമെന്ന കുറിപ്പോടെയാണ് മന്ത്രി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
'കണ്ണൂര്‍ ചെറുതാഴം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് ഞാന്‍ എത്തിയത്. കുഞ്ഞുങ്ങള്‍ സ്വാഗത ഗാനം വേദിയില്‍ ആലപിക്കുന്നു. അപ്പോഴാണ് നിഹാര വരച്ച എന്റെ ചിത്രവുമായി അടുത്തേക്ക് എത്തുന്നത്. ഞാനാ ചിത്രം സ്വീകരിച്ചു. നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിച്ചു.
ആ കൊച്ചുകുഞ്ഞ് കരയാന്‍ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു. ചേര്‍ത്തു നിര്‍ത്തി. അവളില്‍ ചിരി തെളിയിച്ചേ വിട്ടുള്ളൂ. മോളേ, ഈ ലോകം പെണ്‍കുട്ടികളുടേത് കൂടിയാണ്, ഈ സര്‍ക്കാര്‍ പെണ്ണുങ്ങള്‍ അടക്കം എല്ലാവരുടേയും..', ശിവന്‍കുട്ടി കുറിച്ചു.
Vsivankutty








































