കണിച്ചാർ: കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും പിന്നിൽ നിന്നിരുന്ന ഒരു ഗ്രാമപഞ്ചായത്തിനെ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ജില്ലയിലെ തന്നെ മുൻനിരയിലെത്തിക്കാൻ നിലവിലെ കണിച്ചാർ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിരുന്നു. പ്രസിഡണ്ട് ആന്റണി സെബാസ്റ്റിയന്റെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തങ്ങൾ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഒരു പടി കൂടി കടന്ന് കണിച്ചാർ പഞ്ചായത്ത് ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
ദുരന്തങ്ങളെ അതിജീവിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ 'ലിവിങ് ലാബ്' പദ്ധതിയാണ് ദേശീയ മാധ്യമങ്ങൾ വാർത്താക്കിയത്. വിദേശ രാജ്യങ്ങളിൽ ഫലപ്രദമായി നടപ്പാക്കിയ 'ലിവിങ് ലാബ്' എന്ന പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തും ഒരേയൊരു പഞ്ചായത്തുമാണ് കണിച്ചാർ. ദുരന്തം മുൻകൂട്ടി മനസിലാക്കി പ്രതികരിക്കാനും ദുരന്തങ്ങളിൽ അകപ്പെട്ടാൽ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷപ്പെടുത്താനും കഴിവുള്ളവരായി ആളുകളെ മാറ്റുക എന്നതാണ് 'ലിവിങ് ലാബ്' പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) പ്രസിദ്ധീകരിച്ച ലാൻഡ് ഡ് അറ്റ്ലസ് 2023 പ്രകാരം, 2018 നും 2021 നും ഇടയിൽ കേരളത്തിൽ 5985 മണ്ണിടിച്ചിലുകൾ ഉണ്ടായതായി പറയുന്നു. വയനാട്ടിൽ ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉൾപ്പെടെ, മിക്കവയും അതിതീവ്രമായ മഴയുടെ ഫലമായിരുന്നു. ഇതുമൂലം ഭൂപ്രദേശത്തുണ്ടാവുന്ന വ്യതിയാനങ്ങളെ മനസ്സിലാക്കി സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകാനും ദുരന്ത മുന്നൊരുക്കങ്ങൾ മെച്ചപ്പെടുത്താനും ജീവനും സ്വത്തും സംരക്ഷിക്കാനും ഹൈപ്പർ, ലോക്കൽ തലത്തിൽ മഴയെ അടിസ്ഥാനമാക്കിയുള്ള മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ അത്യാവശ്യമാണ്. കേരള സർക്കാരിന്റെ ഉപദേശക സമിതിയായ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC), കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SUMA) യുമായി ചേർന്നാണ് കണിച്ചാർ പഞ്ചായത്തിലെ മാടശ്ശേരി മലയിൽ ഒരു പൈലറ്റ് പ്രൊജക്റ്റായാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചത്. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, റൂർക്കി (IIT-റൂർക്കി), കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CSIR-CBRI) എന്നിവരുമായി കൂടിച്ചേർന്ന്, തദ്ദേശീയമായി തദ്ദേശീയമായി വികസിപ്പിച്ച സെൻസറുകൾ ഭൗമ നിരീക്ഷണത്തിനായി സ്ഥാപിക്കും. 3 വർഷത്തോളം നീളുന്ന കണിച്ചാറിലെ പൈലറ്റ് പ്രൊജക്റ്റിന്റെ ഫലത്തെ അടിസ്ഥാനമാക്കി മണ്ണിടിച്ചിൽ മുന്നറിയിപ്പ് സംവിധാനവും ലോക്കൽ അന്തരീക്ഷ പ്രവചന സംവിധാനവും കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ തന്നെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Kanchiar Panchayat featured in national media





































