കണ്ണൂര്‍: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള വിവരശേഖരണത്തിന് ബൂത്ത് ലവല്‍ ഔഫീസര്‍മാര്‍ വോട്ടര്‍മാരുടെ വാസസ്ഥലത്തെത്തി വിവരശേഖരണം നടത്തണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ ഇതിനു വിരുദ്ധമായി വോട്ടര്‍മാരെ നിശ്ചിത സ്ഥലത്തേക്ക് വിളിച്ചു വരുത്തി വിവരശേഖരണം നടത്തുന്നതിനെതിരെ ബിജെപി.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരായ നീക്കം നിലനില്‍ക്കെ ഇത്തരത്തില്‍ വോട്ടര്‍മാരെ പൊതുവായ സ്ഥലത്ത് വിളിച്ച് വരുത്തി ദീര്‍ഘനേരം നിര്‍ത്തുന്നത് വോട്ടര്‍പട്ടിക പരിഷ്‌കരണത്തെ അട്ടിമറിക്കുന്നതിന് വേണ്ടിയാണെന്ന് ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാര്‍ ആരോപിച്ചു.
അഴീക്കോട് നിയോജക മണ്ഡലത്തിലെ 24, 25 നമ്പര്‍ ബൂത്തിലെ ബിഎല്‍ഒമാര്‍ വോട്ടര്‍മാരെ സമീപപ്രദേശത്തെ സ്‌കൂളില്‍ വിളിച്ചുവരുത്തിയാണ് വിവരശേഖരണം നടത്തിയത്. വോട്ടര്‍മാര്‍ ദീര്‍ഘനേരം ക്യൂ നില്‍ക്കേണ്ട സാഹചര്യവും ഉണ്ടായി. ഇത്തരത്തില്‍ ദീര്‍ഘനേരം ക്യൂ നിന്നാല്‍ ഇത് വോട്ടര്‍മാരില്‍ അസ്വസ്ഥതയും മടുപ്പും ഉണ്ടാക്കുന്നതിനും ജനവികാരം തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായി ഉണ്ടാക്കുന്നതിനും വേണ്ടിയാണ്. പ്രസ്തുത കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അത്തരത്തിലും ചെയ്യാമെന്നാണ് കലക്ടര്‍ കെ.കെ. വിനോദ് കുമാറിനോട് പറഞ്ഞത്. എന്നാല്‍ ഈ നിലപാട് തെറ്റാണെന്നും വോട്ടര്‍മാരുടെ വാസ സ്ഥലത്തെത്തി തന്നെ വിവരശേഖരണം നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശമെന്നും കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു.
വലിയ ആള്‍ക്കൂട്ടം എത്തിച്ചേരുമ്പോള്‍ ബിഎല്‍ഒമാര്‍ക്ക് എല്ലാവരെയും കൃത്യമായി തിരിച്ചറിഞ്ഞ് കൃത്യമായി വിവരശേഖരണം നടത്തുക എളുപ്പമല്ല. എന്നാല്‍ വാസസ്ഥലത്ത് എത്തുകയാണെങ്കില്‍ പ്രാദേശികമായിട്ടുള്ള ബിഎല്‍ഒമാര്‍ക്ക് കൃത്യമായി ആളുകളെ തിരിച്ചറിയാനും വിവരങ്ങള്‍ ശേഖരിക്കാനും സാധിക്കും. ബിഎല്‍ഒമാര്‍ കൃത്യമായി വാസസ്ഥലത്തെത്തി വിവരശേഖരണം നടത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ഒരു പരിധിവരെ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വിവരശേഖരണം അട്ടിമറിക്കുന്ന യാതൊരുവിധത്തിലുള്ള സാഹചര്യവും ഉണ്ടാക്കാന്‍ പാടില്ലെന്ന് കെ.കെ. വിനോദ് കുമാര്‍ പറഞ്ഞു. താമസ സ്ഥലത്തെത്തി തന്നെ കൃത്യമായി വിവരശേഖരണം നടത്തണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ ഓരോ ബിഎല്‍ഒമാരും അവരുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്താല്‍ പദ്ധതി അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പദ്ധതിയുടെ ഉദ്ദേശലക്ഷങ്ങള്‍ നടപ്പാവാതെവരുമെന്നും അദ്ദേഹം പറഞ്ഞു.
Comprehensive Voter List Revision: BJp opposes not collecting information at residences




































