ഡൽഹി : ചെങ്കോട്ട സ്ഫോടന കേസിലെ കണ്ണികൾ നീങ്ങുന്നത് പാകിസ്ഥാനിലേക്ക്. അറസ്റ്റിലായ ലക്നൗ സ്വദേശി ഡോക്ടര്‍ ഷഹീന് മസൂദ് അസറിൻ്റെ അനന്തരവൻ്റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നു
എന്നാണ് ഏജൻസികൾ വ്യക്തമാക്കുന്നത്. ജെയ്ഷേ വനിത സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജെയ്ഷേ മുഹമ്മദിലെ ഉന്നതരുമായി ഷഹീന് ബന്ധമണ്ടെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
സ്ഫോടന കേസിലെ പ്രതികൾ ഉപയോഗിച്ച ബ്രീസാ കാർ ഇന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അൽ ഫലാഹ് സർവകലാശാലയിൽ പാർക്ക് ചെയ്ത നിലയിലാണ് കാര്‍ കണ്ടെത്തിയത്. ഭീകര സംഘത്തിലെ വനിത ഡോക്ടറായ ഷഹീൻ്റെ കാറാണ് കണ്ടെത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചുവന്ന എക്കോ സ്പോർട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പർ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തിൽ പാർക്ക് ചെയ്തിരുന്ന നിലയിലായിരുന്നു ഈ കാർ. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിൽ ഉടനീളം ജാഗ്രത നിർദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 കാറിന് പുറമേ രണ്ട് കാറുകൾ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. വ്യാജ വിലാസത്തിലാണ് ഈ കാർ രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ കാർ രജിസ്റ്റർ ചെയ്തിരുന്നത് ദില്ലി ന്യൂ സീലംപൂരിലെ ഒരു വിലാസത്തിലാണ്. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു. വ്യാജ രേഖകൾ നൽകി വാഹനം രജിസ്റ്റർ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം. രേഖകൾ പ്രകാരം ഡോക്ടർ ഉമർ നബി എന്നയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Red Fort blast; Links extend to Pakistan, Dr. Shaheen has connections with Masood Azhar's family







































