തിരുവനന്തപുരം : ശബരിമലയിൽ വൻ ഭക്തജനതിരക്ക്. നിയന്ത്രിക്കാൻ കേന്ദ്രസേനകളില്ലാതെ സന്നിധാനം. മണ്ഡല കാലം ആരംഭിക്കുന്നതിനു മുമ്പ് NDRF , RAF എന്നീ സേനകളെ നിയോഗിക്കുന്ന പതിവ് തെറ്റിച്ച് കേന്ദ്രം. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ, തീർത്ഥാടകർക്ക് സുരക്ഷിതമായി ബസുകളിൽ കയറാനും തിരക്ക് നിയന്ത്രിക്കാനും അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
കേന്ദ്രസേനകളെ ശബരിമയിൽ ഡ്യൂട്ടിക്കായി നിയോഗിക്കണം എന്ന് കാട്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഈ കത്തിൽ കേന്ദ്രം നടപടി എടുത്തിട്ടില്ല. ശബരിമല ദർശനം ലഭിക്കാതെ നിരവധി ഭക്തർ ഇന്ന് രാവിലെ മുതൽ പന്തളം വലിയ കോയിക്കൽ ക്ഷേത്ര ത്തിൽ എത്തി ദർശനം നടത്തി.
ബാംഗ്ലൂർ സേലം തുടങ്ങിയ സ്ഥലത്ത് നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം ശബരിമലയിൽ ക്യൂ നിന്നിട്ടും ദർശനം ലഭിക്കാതെ മടങ്ങിയത്. നിലക്കൽ നിന്നും വാഹന സൗകര്യം ലഭിക്കാതെയും ഭക്തർ പന്തളത്ത് എത്തിയിട്ടുണ്ട്. പന്തളത് എത്തി നെയ്യഭിഷേകം നടത്തി മാല ഊരിയാണ് ഇവർ നാട്ടിലേക്ക് തിരിച്ചു പോയത്. അതേസമയം നിലയ്ക്കലിൽ കെഎസ്ആർടിസി, പൊലീസ് ക്രമീകരണങ്ങൾ താളം തെറ്റുന്നു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർത്ഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തീർത്ഥാടകരുടെ തിക്കിനും തിരക്കിനും പ്രധാന കാരണം.
Sabarimala






































