കണ്ണൂര്‍ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെയും സ്ഥാനാര്‍ഥി പ്രതിനിധികളുടെയും യോഗം ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതവും സമാധാനപരവും കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയവുമായിരിക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണവും പ്രവര്‍ത്തനങ്ങളും നടത്തുന്നത് ഹരിതചട്ടം പാലിച്ചു വേണം. പൊതുയോഗം, ജാഥ മുതലായവ സംബന്ധിച്ച് പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. ഉച്ചഭാഷിണിയോ മറ്റുസൗകര്യമോ ഉപയോഗിക്കുന്നതിനും അനുവാദം വാങ്ങേണ്ടതാണ്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം. വോട്ടിങ് മെഷീന്‍ കമ്മീഷനിംഗ് നടക്കുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യം ഉണ്ടാകണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് മുതലുള്ള ദൈനംദിന കണക്കുകള്‍ നിശ്ചിത ഫോറത്തില്‍ രേഖപ്പെടുത്തി സൂക്ഷിക്കണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ജോഷോ ബെന്നറ്റ് ജോണ്‍ അറിയിച്ചു. ചെലവുകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം. സ്ഥാനാര്‍ഥികളും വിവിധ രാഷ്ട്രീയകക്ഷികളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടത്തുന്ന പ്രചാരണ പരിപാടികള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് കലക്ടറുടെ നേതൃത്വത്തില്‍ മറുപടി നല്‍കി. മാതൃകാ പെരുമാറ്റച്ചട്ട സംഹിതയും സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും സമ്മദിദായകര്‍ക്കുമുള്ള കൈപ്പുസ്തകവും വിതരണം ചെയ്തു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസിസ്റ്റന്റ് കലക്ടര്‍എഹ്‌തെദ മുഫസിര്‍, എഡിഎം കലാ ഭാസ്‌കര്‍, ചെലവ് നിരീക്ഷകന്‍ ജോഷോ ബെന്നറ്റ് ജോണ്‍, മാസ്റ്റര്‍ ട്രെയ്നര്‍ എം.പി വിനോദ് കുമാര്‍, സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Panchayathelection






































