കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ വികസനമുരടിപ്പിന് കാരണം എൽ.ഡി.എഫും യുഡിഎഫും പുലർത്തിയ അഴിമതി രാഷ്ട്രീയമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കണ്ണൂർ തളാപ്പ് എക്സോറ കൺവെൻഷൻ സെൻ്ററിൽ നടന്ന കണ്ണൂർ കോർപറേഷൻ എൻ. ഡി. എ സ്ഥാനാർത്ഥികളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫും യുഡിഎഫും തമ്മിൽ ഒരു വ്യത്യാസവുമില്ല. കഴിഞ്ഞ 11 വർഷമായി വികസനം കൊണ്ടുവരുന്ന ഭരണ ശൈലിയാണ് ബി.ജെ.പിയുടെത്. ഞങ്ങൾ അതു തെളിയിച്ചു കാണിച്ചിട്ടുണ്ട്. ഭരിക്കാൻ ഒരു അവസരം തന്നാൽ കണ്ണൂർ കോർപറേഷനിൽ അഴിമതിരഹിത ഭരണം ഞങ്ങൾ ഉറപ്പുതരുന്നു. എൽ. ഡി.എഫും യുഡിഎഫും ഭരിക്കാൻ അവസരം കിട്ടിയാൽ അഴിമതി ചെയ്യാനുള്ള അവസരമായി വികസനത്തെ കാണുന്നു. കോർപറേഷനിലെ ഭരണ സേവനങ്ങൾ ഓരോ വോട്ടറുടെയും വീട്ടിൻ്റെ വാതിൽപ്പടിക്കൽ കൊണ്ടുവരും. കോർപറേഷൻ ഓഫിസിൽ വരാതെ ഡിജിറ്റലായി സേവനം ഓരോരുത്തരിലും വീട്ടുപടിക്കൽ എത്തിക്കും. കണ്ണൂർ കോർപറേഷനിൽ ഭരിക്കാൻ അവസരം തന്നാൽ വ്യത്യസ്ത ശൈലിയാണ് ബി.ജെ.പിയുടെതെന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. യു.ഡി.എഫും എൽഡിഎഫും കണ്ണൂരിൻ്റെ വികസനത്തെ കുറിച്ച് ഒന്നും പറയാനില്ല. അടുത്ത അഞ്ച് വർഷത്തേക്കുള്ള കണ്ണൂരിൻ്റെ വികസനത്തെ കുറിക്കുള്ള ബ്ളൂ പ്രിൻ്റ് അടിച്ചു ബി.ജെ.പി ജനങ്ങളിലെത്തിക്കും. വികസനത്തിനായി ചെലവഴിക്കുന്നതുകയുടെ ഓരോ പൈസയുടെയും കണക്ക് വ്യക്തമാക്കും. 14 സീറ്റുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ വിജയിച്ചത് നാണക്കേടാണ് എന്തിനാണ് ഇവർ ജനങ്ങളെ ഇങ്ങനെ പേടിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തങ്ങൾ വികസനം നടപ്പിലാക്കായിട്ടുണ്ടെങ്കിൽ മറ്റു പാർട്ടികളിലെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കേണ്ടതില്ല മത്സരിച്ചു ജയിക്കുകയാണ് വേണ്ടത്.
കണ്ണൂർ കോർപറേഷൻ മാറി മാറി ഭരിച്ച എൽ.ഡിഎഫും യു ഡി. എഫും ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 60 കൊല്ലം മുൻപെ യുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ അതേപോലെ നിൽക്കുകയാണ്. ജനങ്ങൾക്ക് ഇടതും വലതും മതിയായി. ബി.ജെ.പിയുടെ വികസിത കണ്ണൂർ എന്ന മുദ്രാവാക്യം ഞങ്ങളുടെ കാഴ്ച്ചപാടാണ് 2014 ൽ ഇന്ത്യയുടെ സാഹചര്യമാണ് കണ്ണൂരിലുമുള്ളത്. ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽ എൽ.ഡി.എഫും യു ഡി. എഫും ഒറ്റക്കെട്ടാണ്. പിന്നെ ഇവിടെയെന്തിനാണ് നാടകമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഈ നാടകം പൊളിക്കാനുള്ള രാഷ്ട്രീയ ശക്തിയുള്ളത് ബി.ജെ.പി മുന്നണിക്ക് മാത്രമാണ്. വികസിത ഭാരതം, വികസിത കേരളം, വികസിത കണ്ണൂരെന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയർത്തിപ്പിടിക്കുന്നതെന്നും ഇക്കുറി മാറാത്തത് മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൺവെൻഷനിൽ ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ.കെ. വിനോദ് കുമാർ അദ്ധ്യക്ഷനായി. ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ്, ബി.ഡി ജെ.എസ് നേതാവ് പൈലി വത്യാട്ട്, എന്നിവർ പ്രസംഗിച്ചു.എ. സിമനോജ് സ്വാഗതം പറഞ്ഞു.
Rajeevchandrasekar






































