തിരുവനന്തപുരം : ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയത് എഐസിസിയുടെ അനുമതിയോടുകൂടിയാണെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. നടപടിക്രമങ്ങളുടെ കാലതാമസമാണ് ഉണ്ടായത്. രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയതോതിൽ ക്ഷീണം ഉണ്ടാക്കി നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
എല്ലാ നേതാക്കന്മാരുമായും ചർച്ച നടത്തിയിരുന്നു. എല്ലാവരും ചേർന്ന് ഐക്യകണ്ഠ്യേന എടുത്ത തീരുമാനമാണ് പുറത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ ഒരു തരത്തിലും ഇത് ബാധിക്കില്ല. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ മാതൃകാപരമായ തീരുമാനം എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്. ആദ്യ ആക്ഷേപങ്ങൾ വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കുകയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
പാർട്ടിയുടെ വിശ്വാസ്യത തകരില്ല. പാർട്ടി എടുത്ത നിലപാടുകൾ കൊണ്ട് ജനങ്ങളുടെ മുൻപിൽ കോൺഗ്രസിന് കൂടുതൽ വിശ്വാസമാണ് ലഭിക്കുന്നത്. കളവ് കേസിലെ പ്രതികളെ സഹായിക്കുന്ന സിപിഐഎമ്മിന്റെ നിലപാട് പോലെയല്ല കോൺഗ്രസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Sannyjosephmla






































