നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെ ഒരുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അച്ഛൻ ഷിജിലിനെ 18 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് വിട്ടയച്ചത്. അമ്മ കൃഷ്ണപ്രിയയെ വീണ്ടും വിളിപ്പിച്ചു വിവരങ്ങൾ തേടി. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ചില സൂചനകളുടെയും കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന പൊട്ടലിന്റെയും പശ്ചാത്തലത്തിലായിരുന്നു പോലീസിന്റെ നടപടി.
കവളാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാനാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. ഷിജിൽ ജോലി കഴിഞ്ഞ് വരുമ്പോൾ കൊണ്ടുവന്ന ബിസ്‌ക്കറ്റും മുന്തിരിയും കഴിച്ച ഉടനെ കുട്ടി അച്ഛന്റെ മടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദമ്പതികൾ നേരത്തെ പിണക്കത്തിലായിരുന്നതും പിന്നീട് ഒരുമിച്ച് താമസിച്ചു തുടങ്ങിയതും അടക്കമുള്ള സാഹചര്യങ്ങൾ പോലീസ് പരിശോധിച്ചു.
ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയാണെന്ന് കരുതിയെങ്കിലും കുട്ടിയുടെ കൈയിലെ പ്ലാസ്റ്ററിനെക്കുറിച്ച് ഉണ്ടായ സംശയമാണ് ഷിജിലിനെ കസ്റ്റഡിയിലെടുക്കാൻ കാരണമായത്. എന്നാൽ ചോദ്യം ചെയ്യലിൽ സംശയകരമായ രീതിയിലുള്ള മൊഴികളൊന്നും ലഭിച്ചില്ല. തെളിവുകളുടെ അഭാവത്തിലും 24 മണിക്കൂറിലധികം കസ്റ്റഡിയിൽ വെക്കാൻ കഴിയാത്തതിനാലും ഷിജിലിനെ ഞായറാഴ്ച ഉച്ചയോടെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
ഇഹാൻ്റെ മരണത്തിൽ അന്തിമ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് നെയ്യാറ്റിൻകര പോലീസ്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ അനുസരിച്ചായിരിക്കും കേസിൽ തുടർനടപടികൾ സ്വീകരിക്കുക.
Neyyatinkara












_(30).jpeg)





















