കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിൽ ഉണ്ടാകും. സ്വർണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിക്കും.
വാജി വാഹന കൈമാറ്റത്തിൽ അജയ് തറയിൽ അടക്കമുള്ളവർക്കെതിരായ അന്വേഷണ കാര്യത്തിലും ഹൈക്കോടതിയുടെ നിർദ്ദേശം ഉണ്ടായേക്കും. 2012ലെ ബോർഡ് ഉത്തരവിന് വിരുദ്ധമായാണ് വാജി വാഹനം കൈമാറിതെന്നാണ് എസ് ഐ ടി കണ്ടെത്തൽ. എന്നാൽ, അഡ്വക്കറ്റ് കമ്മീഷണറുടെയും ഹൈക്കോടതിയുടെയും അറിവോടെയാണ് കൈമാറ്റം എന്നതിന്‍റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
അതേസമയം, സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അഖില കേരള തന്ത്രി പ്രചാരക് സഭ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
'വാജിവാഹനം' തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുകയാണ്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാൽ എസ്ഐടി അന്വേഷണം കാര്യക്ഷമമാകില്ല. സിബിഐ അന്വേഷണം വേണമെന്നും തന്ത്രി സമാജം ഹര്‍ജിയിൽ ആവശ്യപ്പെട്ടു.
Sabarimala




































