കോഴിക്കോട് : ബസിൽ വെച്ച് ലൈംഗികാതിക്രമം നേരിട്ടുവെന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ, ആരോപണവിധേയനായ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കി. കോഴിക്കോട് സ്വദേശിനിയായ യുവതി പയ്യന്നൂരിൽ വെച്ച് തനിക്ക് നേരെ അതിക്രമം ഉണ്ടായെന്ന് കാണിച്ച് പങ്കുവെച്ച വീഡിയോ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ദീപക്കിനെ ഞായറാഴ്ച പുലർച്ചെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
യുവതി പങ്കുവെച്ച വീഡിയോ ഉപയോഗിച്ച് ദീപക്കിനെ വ്യക്തിഹത്യ നടത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നു. ആദ്യ വീഡിയോയ്ക്ക് വലിയ പ്രതികരണങ്ങൾ ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് യുവതി രണ്ടാമതൊരു വീഡിയോ കൂടി പങ്കുവെച്ചിരുന്നു. ഈ വീഡിയോ സുഹൃത്തുക്കൾ ദീപക്കിന് അയച്ചുനൽകുകയും ഇതിന് പിന്നാലെ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
സംഭവം നടക്കുന്നതിന്റെ തലേദിവസം രാത്രിയും ദീപക്കുമായി സംസാരിച്ചിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പ്രശ്നങ്ങളെല്ലാം ഞായറാഴ്ച നേരിട്ട് കണ്ട് സംസാരിക്കാമെന്ന് ഉറപ്പുനൽകിയിരുന്നതായും ദീപക് വളരെ ശാന്തനായാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ യുവതി രണ്ടാമത് പങ്കുവെച്ച വീഡിയോ അയച്ചുകൊടുത്തതിന് ശേഷം ദീപക്കിന്റെ ഭാഗത്തുനിന്ന് മറുപടികളൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹൃത്ത് വെളിപ്പെടുത്തി. ഒരു ഗാർമെന്റ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ദീപക്കിന്റെ കുടുംബത്തിന് വീഡിയോയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇത്തരം സൈബർ ആക്രമണങ്ങൾ ഒരാളുടെ ജീവിതം തകർക്കുമെന്നും ദീപക്കിന്റെ മരണത്തിൽ യുവതിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുഹൃത്തുക്കൾ അറിയിച്ചു.
Young man commits suicide after watching woman's video; family says he committed suicide through video


































