ന്യൂഡൽഹി: നീണ്ട ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി തുടർച്ചയായ ബാങ്ക് അവധി ദിനങ്ങൾ വരികയാണ്. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തിൽ നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. അതിനാൽ, ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. പ്രത്യേകിച്ച്, മാസം അവസാനത്തെ ആഴ്‌ചയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ.
ഏതൊക്കെ ദിവസമാണ് അവധികൾ
ജനുവരി 24, 25, 26 ദിവസങ്ങളിലാണ് ബാങ്ക് അവധികൾ വരുന്നത്. ജനുവരി 24 ഈ മാസത്തെ നാലാം ശനിയാഴ്ച ആയതിനാലാണ് ബാങ്ക് അവധി. 25 ഞായറാഴ്ചയാണ്. 26 റിപ്പബ്ലിക് ദിനമായതിനാൽ അവധിയാണ്. ഇതോടെ, തുടർച്ചയായ മൂന്ന് ദിവസം അവധിയായി. തൊട്ടുപിന്നാലെ ജനുവരി 27നാണ് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. പണിമുടക്ക് ബാങ്ക് പ്രവൃത്തിയെ ബാധിക്കുകയാണെങ്കിൽ ഫലത്തിൽ തുടർച്ചയായ നാലു ദിവസം അവധിയാണ് ഉണ്ടാവുക.
എന്തിനാണ് ബാങ്ക് പണിമുടക്ക്
79 :
ആഴ്‌ചയിൽ അഞ്ച് പ്രവൃത്തി ദിവസം എന്ന ആവശ്യം നടപ്പാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുക. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. നിലവിൽ ഞായറാഴ്‌ചകൾ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകൾ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകൾ കൂടി അവധിയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഇതിന് വേണ്ടി തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയാറാണെന്നും ജീവനക്കാർ പറയുന്നു.
Bankholydays







































