കണ്ണൂർ : ആയുർവേദ ആഹാരങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രചരണ പരിപാടികൾക്ക് കണ്ണൂർ ജില്ലയിൽ തുടക്കമായി. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ പരിപാടി ചെമ്പർ ഹാളിൽ വച്ച് പ്രസിഡൻറ് സച്ചിൻ സൂര്യകാന്ത് മക്കേച്ച ഉദ്ഘാടനം ചെയ്തു. എ എച്ച് എം എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി പദ്ധതിയെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. എൻ എം സി സി സെക്രട്ടറി സി അനിൽകുമാർ, എ കെ മുഹമ്മദ് റഫീഖ്, രമേഷ് കുമാർ ടി കെ, കെ നാരായണൻകുട്ടി എന്നിവർ സംസാരിച്ചു. ആയുഷ് ആഹാരം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ രുക്മ യു വി ക്ലാസെടുത്തു. വിവിധതരം ആയുർവേദ ആഹാരങ്ങളെ ഡോ ലീമ ജോസഫ് പരിചയപ്പെടുത്തി. തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഡോ പി പി അന്ത്രു, ഡോ കേശവൻ വെദിരമന, മധു കുമാർ എന്നിവർപങ്കെടുത്തു.പൊതുജനങ്ങൾക്കായി തയ്യാറാക്കിയ ആയുഷ് ആഹാരത്തിന്റെ പ്രത്യേക ഫുഡ് പവലിയനിൽ ഒരുക്കിയ വാഴപ്പൂക്കട്ലറ്റ്, മില്ലറ്റ് പുലാവ്, പോഷക് കോക്ടയിൽ, ആയുഷ് ക്വാത്ഥം, നവധാന്യ പുഡ്ഡിംഗ്, ഖണ്ഡ കൂശ്മണ്ഡം, ഹെൽത്തി സലാഡ്, റാഗി മലർ സ്വീറ്റ് മിക്സ്ചർ, മുദ്ഗ മോദകം, ഹേമ കിരണ പാനകം എന്നിവ രുചിയുടെ വേറിട്ട അനുഭവം സമ്മാനിച്ചു. പ്രചരണത്തിന്റെ തുടർ പരിപാടികളായി കണ്ണൂർ ജില്ലയിലെ ഹോട്ടലുകൾ കുടുംബശ്രീ കഫേകൾ, ഹോം സ്റ്റേ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആയുഷ് ആഹാരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികൾക്ക് എ എച്ച് എം എ നേതൃത്വം നൽകും.
Aayushaaharam






































