കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസുകൾ എ.പത്മകുമാർ, മുരാരി ബാബു, ഗോവർധൻ എന്നിവർക്ക് ജാമ്യമില്ല. മൂവരുടെയും ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. കട്ടിപ്പാളി – ദ്വാരപാലക കേസുകളിൽ മുരാരി ബാബു അറസ്റ്റിലായി 90 ദിവസം കഴിഞ്ഞു. ദ്വാരപാലക കേസിൽ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചെങ്കിലും പുറത്തിറങ്ങാൻ കഴിയില്ല. ശബരിമല സ്വർണ്ണക്കൊള്ളയിലെ ആദ്യ ജാമ്യമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടേത്.
അതേസമയം കേസിലെ പ്രധാന പ്രതികളായ എ പത്മകുമാറിന്റെയും എൻ വാസുവിന്റെയും സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ഇഡി. പ്രതികളുടെ ചോദ്യം ചെയ്യൽ നടപടിയിലേക്കും ഇ ഡി ഉടൻ കടക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടു കെട്ടാനും , ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമാണ് ഇ ഡിയുടെ അടുത്ത നീക്കം. റെയ്ഡിൽ പിടിച്ചെടുത്ത ലാപ്‌ടോപ്, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ശാസ്‌ത്രീയ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഇ ഡിയുടെ ശ്രമം.
ശബരിമല സന്നിധാനത്ത് എസ്ഐടിയുടെ പരിശോധന തുടരുകയാണ്. സ്വർണ്ണവുമായി ബന്ധപ്പെട്ട എല്ലാ പരിശോധനയും ഇന്നലെത്തന്നെ എസ്ഐടി പൂർത്തിയാക്കി. സ്ട്രോങ്ങ് റൂം തുറന്ന് അഷ്ടദിക് പാലകരുടെ വിഗ്രഹങ്ങളിലും ശ്രീ കോവിലിൽ നിന്ന് ഇളക്കി മാറ്റിയ പഴയ കട്ടിളപ്പാളികളിലെ സ്വർണവും പരിശോധിച്ചു. സ്വർണ്ണപ്പാളികളിലെ അളവും തൂക്കവും എസ്ഐടി ശേഖരിച്ചു. ഇന്നും നാളെയും സന്നിധാനവുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങളിലും എസ്ഐടി പരിശോധന നടത്തും.
Sabarimalacase





































