തിരുവനന്തപുരം : സദസിൽ തന്റെ ചിത്രവുമായി നിൽക്കുന്ന കുഞ്ഞിനോട് കത്തെഴുതാൻ മേൽവിലാസം ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സദസിൽ നിന്ന് ഒരു കുട്ടി കുറെ നേരമായി ചിത്രം കാണിക്കുന്നു. നിൻ്റെ കൈ വേദനിക്കും. ചിത്രം വാങ്ങാൻ SP G യോട് പറയുന്നുണ്ട്. ചിത്രത്തിന് പിറകിൽ നിൻ്റെ പേര് കൂടി എഴുതുക. കത്ത് അയക്കാം. നിനക്ക് എല്ലാ ആശിർവാദവും നൽകുന്നു. നിങ്ങളുടെ സ്നേഹം ഞാൻ തിരിച്ചറിയുന്നു. രാജ്യത്ത് എവിടെ പോയാലും ആ സ്നേഹം കാണാം.
ഈ കുട്ടികളുടെ സ്നേഹത്തെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും ഗുരുവിനേയും പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗത്തിനിടെ സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങിയ മോദി പദ്മനാഭ സ്വാമിയുടെ പാവന ഭൂമിയിൽ വരാനായത് സൗഭാഗ്യമാണെന്നും പറഞ്ഞു.
കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയിൽ നിന്നുള്ള മോചനമാണെന്നും നരേന്ദ്രമോദി പറഞ്ഞു.
87 ന് മുമ്പ് ഗുജറാത്തിൽ ബിജെപി ഒന്നും അല്ലായിരുന്നു. 87 ൽ അഹമ്മദാബാദ് മുനിസിപ്പാലിറ്റി പിടിച്ചു. പിന്നെ ഗുജറാത്ത് പിടിച്ചടക്കി. ഇപ്പോൾ തിരുവനന്തപുരം കോർപറേഷൻ. ഇനി കേരളം ബിജെപിയുടെ കയ്യിൽ വരുമെന്നും മോദി പറഞ്ഞു. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാൻ എല്ലാ പിന്തുണയും നൽകും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങൾ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എൽഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതൽ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്.
ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ സ്വർണ്ണകൊള്ള പ്രതികളെ ജയിലിൽ അടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. കോൺഗ്രസിൽ ഇപ്പോൾ മുസ്ലീം ലീഗിലേക്കാൾ വർഗീയവാദികൾ. കോൺഗ്രസ് രാജ്യത്തെ വർഗ്ഗീയതയുടെ പരീക്ഷണ ശാലയാക്കി. കോൺഗ്രസ് ഇപ്പോൾ മുസ്ലിം ലീഗ് -മാവോ കോൺഗ്രസ്. മുസ്ലിം ലീഗിന്റെ അജണ്ട ആണ് കോൺഗ്രസ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. ഇതാണ് ശരിയായ സമയം. ഇതാണ് എൻഡിഎ സർക്കാരിനുള്ള സമയം. 25 വർഷത്തേക്കുള്ള വികസന പദ്ധതി വേണം. വരൂ ബിജെപി ക്കൊപ്പം വികസനം തുടങ്ങാമെന്നും മോദി പറഞ്ഞു.
എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അജണ്ട ഒന്നാണ്. ഇരു മുന്നണികകളുടെ ചിന്നങ്ങൾ രണ്ടാണ്. പക്ഷേ അജണ്ട ഒന്നാണ്. അഴിമതിയും പ്രീണനവും മാത്രം. സർക്കാർ മാറിയാലും ഇവിടെ സിസ്റ്റം മാറുന്നില്ല. ഇത് ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ ഉണ്ടാകേണ്ട സമയമാണ്. ആ ദൗത്യം ബിജെപി നിറവേറ്റും. അഞ്ച് വർഷം കൂടുമ്പോൾ ഇവിടെ എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുകയാണ്. ത്രിപുരയിൽ സിപിഎമ്മിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല. ഇനി കേരളത്തെ മോചിപ്പിക്കണമെങ്കിൽ എൽഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയണമെന്നും അഡ്ജസ്റ്റ്മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.
Narendramodhi







































