കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്. അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് എതിരെയാണ് റിപ്പോർട്ട് തേടിയത്. ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിലാണ് നടപടി. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലാണ് ഇടപെടൽ.ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് ജയിൽ മേധാവിയോട് റിപ്പോർട്ട് തേടിരിക്കുന്നത്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമാ നടന്റെ ക്ഷീണം മാത്രം മാറ്റുവാൻ കരിക്കിൻ വെള്ളവും കിടക്കവിരിയും നൽകിയെന്നാണ് കുളത്തൂർ ജയ്‌സിങിന്റെ പരാതി.ഡിസംബർ 12നായിരുന്നു നടിയെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ചത്. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്തികൾക്കും 20 വർഷം തടവാണ് കോടതി വിധിച്ചത്. പ്രതികൾക്ക് 50,000 രൂപ പിഴയുമുണ്ട്. പൾസർ സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം എന്ന വടിവാൾ സലീം, പ്രദീപ് എന്നീ ആറ് പ്രതികൾക്കുള്ള ശിക്ഷാവിധിയാണ് എറണാകുളം സെഷൻസ് കോടതി വിധിച്ചത്.
ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് 376 ഡി വകുപ്പ് പ്രകാരമാണ് 20 വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. എല്ലാ ശിക്ഷയും ഒരേ സമയം അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നേരത്തെ തടവിൽ കിടന്ന കാലപരിധി ശിക്ഷയിൽ ഇളവ് ചെയ്യും. ഇതനുസരിച്ച് പൾസർ സുനി ആദ്യം ജയിൽ മോചിതനാകും. എട്ട് വർഷം ജയിലിൽ കഴിഞ്ഞതിനാൽ, പന്ത്രണ്ടര വർഷം മാത്രം തടവായിരിക്കും പൾസർ സുനിക്ക് ലഭിക്കുക.അതേസമയം, എട്ടാം പ്രതി ദിലീപടക്കമുള്ളവരെ വെറുതെവിട്ട നടപടിയെ ചോദ്യം ചെയ്ത് വിചാരണകോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഡിജിപിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ അംഗീകരിച്ചാണ് സർക്കാർ അനുമതി നൽകിയത്. നടിയെ ആക്രമിച്ച കേസിലെ നിർണായകമായ ഡിജിറ്റൽ തെളിവുകൾ തള്ളിയത് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നാണ് ഡിജിപിയും സ്പെഷ്യൽ പ്രോസിക്യൂട്ടരും ചൂണ്ടിക്കാട്ടുന്നത്.
Dileepcase






































