തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി. പ്രതികൾക്ക് എങ്ങനെ സ്വാഭാവിക ജാമ്യം ലഭിക്കുന്നെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചു. കുറ്റപത്രം നൽകിയാൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാകും. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് അന്വേഷണത്തിൽ സംശയം ഉണ്ടാകുമെന്നും കോടതി പറഞ്ഞു.അതേസമയം, എ.പത്മകുമാറിനെതിരെയുള്ള തെളിവ് ശേഖരണത്തിൽ എസ്ഐടിക്ക് വീഴ്ച പറ്റിയെന്ന വിവരവും പുറത്തുവന്നു. സ്വർണ്ണം ചെമ്പെന്ന് രേഖപ്പെടുത്തിയ മിനുറ്റ്സ് രേഖയുമായി ബന്ധപ്പെട്ട്, മൂന്നു ദിവസം മുൻപ് മാത്രമാണ് എ പത്മകുമാറിന്റെ കയ്യക്ഷര പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചത്. കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ മൊഴി വീണ്ടും അന്വേഷണ സംഘം രേഖപ്പെടുത്തി.
ഇതിനിടെ സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ കയ്യക്ഷര പരിശോധനക്ക് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി അനുമതി തേടി. അതിനിടെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യത്തിലിറങ്ങാതിരിക്കാൻ പുതിയ കേസുകളെടുക്കാനാണ് പൊലീസ് നീക്കം. റിയൽ എസ്റ്റേറ്റ്, ചെക്ക് തട്ടിപ്പ് പരാതികളിൽ കേസ് എടുത്തേക്കും. ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഫെബ്രുവരി രണ്ടിന് കട്ടിളപാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായി 90 ദിവസം പിന്നിടും.
Sabarimalacase








































