തിരുനാവായ: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, സദാനന്ദം നവോത്ഥാന ജ്യോതി രഥയാത്ര കേരളത്തിലെ ആദ്യത്തെ ആശ്രമമായ സദാനന്ദപുരം അവധൂത ആശ്രമത്തിൽ നിന്ന് ആരംഭിച്ച് തിരുനാവായയിൽ എത്തി. ആശ്രമം മഠാധിപതിയും കേരളത്തിലെ ഏറ്റവും മുതിർന്ന സന്യാസിവര്യന്മാരിൽ ഒരാളുമായ സ്വാമി ചിദാനന്ദ ഭാരതിയുടെ നേതൃത്വത്തിലാണ് രഥയാത്ര നടത്തിയത്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വേദഗുരു സദാനന്ദ സ്വാമികൾ നടത്തിയ വിപ്ലവകരമായ സാമൂഹ്യപരിഷ്കാരങ്ങളെ ഓർമ്മിപ്പിക്കുന്നതും, നവകേരളത്തിന് ആത്മീയവും സാമൂഹികവുമായ പുതിയ വെളിച്ചം പകരുന്നതുമാണ് ഈ ജ്യോതി രഥയാത്രയെന്ന് സംഘാടകർ അറിയിച്ചു. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി നാവാമുകുന്ദ ക്ഷേത്ര പരിസരത്ത് രഥയാത്രയെ സ്വീകരിച്ച് ദീപം ഏറ്റുവാങ്ങി. തുടർന്ന് നിളാ നദി കടന്ന് യജ്ഞശാലയിൽ എത്തി ദീപം മഹാമേരുവിനു മുന്നിലെ കെടാവിളക്കിലേക്ക് പകർന്നു.പിനീട് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി സത്‌സംഗം നടത്തി.സ്വാമി ചിദാനന്ദ ഭാരതിയും സംസാരിച്ചു.
Rathayathra







































