തിരുവനന്തപുരം : വിളപ്പിൽശാല സർക്കാർ ആശുപത്രിക്ക് എതിരായ ചികിത്സ നിഷേധ പരാതിയിൽ, ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം ഡിഎംഒ അരൊഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറി. ചികിത്സ വൈകിയിട്ടില്ലെന്നും ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളേജിലേക്ക് ബിസ്മിറിനെ അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.ജില്ലാ തല മെഡിക്കൽ ഓഫീസർ ഡോ. അനിൽകുമാർ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ചികിത്സ നൽകിയതിലും പിഴവുണ്ടായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കുടുംബം ഡിഎംഒയ്ക്ക് അടക്കം പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡ്യൂട്ടി ഡോക്ടറുടെ അടക്കം മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിന്റെ പരാതി തള്ളി റിപ്പോർട്ട് തയാറായിരിക്കുന്നത്.രോഗിക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. യാതൊരുവിധ ചികിത്സയും ആശുപത്രിയിൽ നിന്ന് ലഭിച്ചില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ആശുപത്രി അധികൃതർക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഗവർണർക്കും കുടുംബം പരാതി നൽകിയിരുന്നു. അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരുന്നത്.
Vilappilsalahospitareport







































