പേരാവൂർ: ഒരു കോടി രൂപ സമ്മാനം ലഭിച്ച കേരള ലോട്ടറി ടിക്കറ്റ് തോക്ക് ചൂണ്ടി തട്ടിയെടുത്ത കേസിൽ വഴിത്തിരിവ്. ടിക്കറ്റ് തിരിച്ചു നല്‌കാമെന്നും കേസ് ഒഴിവാക്കിത്തരണമെന്നുമാവശ്യപ്പെട്ട് കേസിലുൾപ്പെട്ടവരുടെ ബന്ധുക്കൾ ടിക്കറ്റിന്റെ ഉടമസ്ഥനായ എ.കെ.സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടാണ് ഒത്തുതീർപ്പിന് സാധ്യതയൊരുക്കിയത്. ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പേരാവൂർ പോലീസ് രജിസ്ട്രർ ചെയ്‌ത ക്രിമിനൽ കേസ് റദ്ദാക്കണമെങ്കിൽ ഇരു ഭാഗവും ഒരുമിച്ച് കോടതിയിൽ ഹർജി നല്‌കണമെന്നതിനാൽ ഇക്കാര്യത്തിൽ ഇരു ഭാഗവും ധാരണയിലെത്തിയതായാണ് വിവരം.
സമ്മാനാർഹമായ ടിക്കറ്റ് സമ്മാനം ലഭിച്ച തീയതി മുതൽ 90 ദിവസത്തിനകം ഹാജരാക്കണമെന്നാണ് പുതിയ നിയമം. മുൻപ് ഇത് ഒരു മാസമായിരുന്നു. ഡിസംബർ 30-നാണ് സാദിഖിന് സ്ത്രീശക്തി ലോട്ടറിയുടെ ഒരു കോടി രൂപ സമ്മാനം ലഭിച്ചത്. ഈ ടിക്കറ്റാണ് തട്ടിയെടുത്തത്. സർക്കാർ നൽകുന്ന തുകയേക്കാൾ അധികം നല്കാമെന്ന് പറഞ്ഞാണ് സംഘം സാദിഖിനെ സമീപിച്ചത്. എന്നാൽ ടിക്കറ്റ് കയ്യിൽ കിട്ടിയതോടെ പണം നല്‌കാതെ സംഘം രക്ഷപ്പെടുകയായിരുന്നു.കബളിപ്പിക്കപ്പെട്ടതോടെ സാദിഖ് പേരാവൂർ പോലീസിൽ പരാതി നൽകുകയും ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. അഞ്ച് പേരടങ്ങുന്ന സംഘത്തിലെ ബാക്കി നാലുപേരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടുമില്ല. പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് കേസ് ഒഴിവാക്കാനുള്ള ആവശ്യവുമായി ലോട്ടറി തട്ടിയെടുത്ത സംഘം സാദിഖിന്റെ സുഹൃത്തുക്കളെ ബന്ധപ്പെട്ടത്. മേൽക്കോടതിയെ സമീപിച്ച് കേസ് റദ്ദാക്കിയാൽ ടിക്കറ്റ് സാദിഖിന് തിരികെ നല്കാമെന്ന വ്യവസ്ഥയിലാണ് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നത്. പിടിയിലായ പ്രതിക്ക് കോടതി ജാമ്യം നല്‌കാത്തതും ഒളിവിൽ കഴിയുന്ന പ്രതികൾക്ക് നാട്ടിൽ ഇറങ്ങാൻ കഴിയാത്തതുമാണ് ടിക്കറ്റ് സാദിഖിന് തന്നെ തിരിച്ചുനല്‌കാൻ സംഘം തയ്യാറായത്. മാത്രവുമല്ല, പ്രസ്തുത ടിക്കറ്റിന്റെ സമ്മാനത്തുക സാദിഖിനല്ലാതെ മറ്റാർക്കും ലഭിക്കില്ലെന്നതും തട്ടിപ്പ് സംഘത്തിന് വിനയായി.ടിക്കറ്റ് കയ്യിൽ നിന്നും നഷ്ടപ്പെട്ടയുടനെ സാദിഖ് പോലീസിൽ പരാതി നല്‌കിയതാണ് തട്ടിപ്പ് സംഘത്തെ കുരുക്കിയത്. പോലീസിൽ പരാതി നല്കിയിരുന്നില്ലെങ്കിൽ സാദിഖിൽ നിന്ന് വിലപേശി ലക്ഷങ്ങൾ കൈക്കലാക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് വേണം കരുതാൻ.
Peravoorlottary






































