കോഴിക്കോട്: വടകരയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. കുഴികൾ നിറഞ്ഞ റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം. വടകരയിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ പൂർണമായും സമരത്തിന്‍റെ ഭാഗമാകുമെന്നാണ് അറിയിപ്പ്. മറ്റ് ഭാഗങ്ങളിൽ നിന്ന് വടകരയിലേക്ക് എത്തേണ്ട ബസുകൾ അതിർത്തി വരെ മാത്രം സർവീസ് നടത്തും. ബസ് തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം.
ദേശീയ പാതയിലെയും സംസ്ഥാന പാതയിലെയും റോഡുകൾ ഗതാഗത യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ഇന്നലെ ആർഡിഒ വിളിച്ച യോഗം പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടുപോകാൻ സമര സമിതി തീരുമാനിച്ചത്. തഹസിൽദാർ, എൻഎച്ച് അതോറിറ്റി പ്രതിനിധി എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് സമരം. ദീർഘദൂര സ്വകാര്യ ബസുകൾ മൂരാടും അഴിയൂരും യാത്ര അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്.
Vadakara