കണ്ണൂർ: ജയിലിലേക്കുള്ള ലഹരി ഏറിൽ മുഖ്യപ്രതി പിടിയിൽ. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിക്കുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയുടെ അറസ്റ്റിന് പിന്നാലെ വിശദമായിരുന്നു. കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം ജയിലിനകത്ത് കരിഞ്ചന്തയിൽ മദ്യവും പുകയില ഉൽപ്പന്നങ്ങളും വ്യാപക വിൽപ്പന നടത്തുന്നതായാണ് ലഭിച്ച വിവരം. ഇവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും സൂചനയുണ്ടായിരുന്നു.

400 രൂപയുടെ മദ്യത്തിന് ഈടാക്കുന്നത് നാലായിരം രൂപയാണ്. ഒരു കെട്ട് ബീഡിക്ക് 200 രൂപ, കഞ്ചാവ് ബീഡിക്ക് 500 രൂപ എന്നിങ്ങനെയാണ് ജയിലിലെ ലഹരി കച്ചവടം. ജയിലിന് പുറത്തുള്ള സംഘം അകത്തേക്ക് ലഹരി വസ്തുക്കളടക്കം എറിഞ്ഞ് കൊടുക്കും. പിന്നീട് ഇത് നാലിരട്ടി വിലക്ക് തടവുകാർക്കിടയിൽ അകത്തുള്ള സംഘം വിൽപ്പന നടത്തുമെന്നാണ് വിവരം.
Kannur