തിരുവനന്തപുരം : കേരളം പിറന്നിട്ട് ഇന്നേക്ക് 69 വർഷം തികഞ്ഞിരിക്കുകയാണ്. രാജ്യം സ്വാതന്ത്ര്യം നേടി ഒമ്പതാം വർഷം, 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് കേരളം എന്ന ഒറ്റ സംസ്ഥാനം പിറവിയെടുത്തു. പുഴയും കായലും കടലും മലനിരകളും ചേർന്ന് പ്രകൃതിയാൽ മനോഹരമായ ഭൂപ്രദേശം. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ടു.
അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനമാണ് ഈ കേരള പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി ഇന്ന് വൈകിട്ട് അഞ്ചിന് പ്രഖ്യാപിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തുക. മന്ത്രി എംബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥികളായി പ്രമുഖ തെന്നിന്ത്യൻ താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പങ്കെടുക്കും.നാല് വർഷത്തെ സുദീർഘമായ നടപടിയിലൂടെയാണ് അതിദാരിദ്ര്യമുക്ത കേരളം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി എംബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആദ്യ മന്ത്രിസഭയിലെടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജ്ജനം. വിശദമായ മാർഗരേഖയും പുറത്തിറക്കിയിരുന്നു. 64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമാക്കിയത്. സർക്കാർ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും യാതൊരു ആനുകൂല്യവും ലഭിക്കാത്തവരെയും യാതൊരു തിരിച്ചറിയൽ രേഖയും ഇല്ലാത്തവരെയും കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടം.ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നാലു ലക്ഷത്തോളംപേർക്ക് കില പരിശീലനം നൽകിയിരുന്നു. 2021 ജൂൺ, ജൂലായ് മാസത്തിലാണ് നടപടി ആരംഭിച്ചത്. 2022 മാർച്ചോടെ ഗ്രാമസഭ/ വാർഡ് സഭ അംഗീകാരത്തോടെ തദ്ദേശസ്ഥാപനങ്ങൾ പട്ടിക അന്തിമമാക്കി. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തുകളിലും തൃശൂരിലെ വടക്കാഞ്ചേരി നഗരസഭയിലും പൈലറ്റ് സ്റ്റഡി നടത്തി നടപടിക്രമങ്ങൾ ആവിഷ്കരിക്കുകയായിരുന്നു.
Thiruvanaththapuram






































