മുംബൈ: ആദ്യ ലോകകപ്പ് വിജയത്തിനൊപ്പം ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി കിട്ടിയത് 39.78 കോടി രൂപ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി കിട്ടിയത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതം കിട്ടും. അവിടേയും തീര്‍ന്നില്ല. ബിസിസിഐയുടെ വക വലിയ സമ്മാനത്തുക കൂടി ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നുണ്ട്.
ബിസിസിഐ 51 കോടി രൂപ സമ്മാനമായി നല്‍കും. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. ലോകകപ്പ് കിരീടം നേടുന്നതിന് മുമ്പ് പാരിതോഷികം പ്രഖ്യാപിക്കുന്നത് അനുചിതമാകും എന്നതിനാലാണ് സമ്മാനത്തുകയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാതിരുന്നത്. വിജയത്തിന് ശേഷം ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക.
mumbai







































