പാലക്കാട്: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. പാലക്കാട് സ്വദേശികളായ രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് ദാരുണമായി മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. രാത്രി ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്. ചിറ്റൂരിൽ നിന്ന് മടങ്ങിവരവേ കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിൽ വെച്ചാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മരത്തിലിടിച്ച കാർ പിന്നീട് വയലിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായി തകർന്നു. അപകടസമയത്ത് മുന്നിൽ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ കാർ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർ പൊലീസിനോട് നൽകിയ മൊഴിയിലും വന്യമൃഗം കുറുകെ ചാടിയതാണ് അപകട കാരണമെന്ന് വ്യക്തമാക്കി.അപകടത്തിൽ പരിക്കേറ്റ ഋഷി (24), ജിതിൻ (21) എന്നിവരുടെ നില പ്രാഥമിക പരിശോധനയിൽ തൃപ്തികരമാണ്.
എങ്കിലും സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾ പൂർത്തിയായതിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കൂ. മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
Three youths die in tragic car crash after losing control, hitting tree




































