എറണാകുളം : ആഘോഷത്തിന്റെ ഭാഗമായാണ് കുട്ടികൾ ഗണഗീതം ചൊല്ലിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങൾ നിഷ്കളങ്കമായി ചൊല്ലിയതാണ്. അവർക്ക് അന്നേരം അതാണ് തോന്നിയത് അത് അവർ ചെയ്തു. പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ എന്നും മന്ത്രി സുരേഷ് ഗോപി ചോദിച്ചു. വിദ്യാർഥികളുടെ ഗണഗീതാലാപനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
എറണാകുളം ബാംഗ്ലൂര്‍ വന്ദേ ഭാരത് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങിനിടെ എളമക്കര സരസ്വതി വിദ്യാനികേതന്‍ വിദ്യാര്‍ഥികള്‍ ഗണഗീതം പാടുകയും ഇത് റെയില്‍വേ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പോസ്റ്റ് ചെയ്തതിലുമാണ് അന്വേഷണം. അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ഭാഗമായുള്ള നടപടിയാണെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
കേരളം അംഗീകരിക്കാന്‍ പാടില്ലാത്ത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. റെയില്‍വേയുടെ നടപടി നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ലെെന്ന് അദേഹം പറഞ്ഞു. ട്രെയിനിൽ പാടിയത് ദേശഭക്തിഗാനമെന്നാണ് എളമക്കര സരസ്വതി വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഡിന്റോ കെ പി പറഞ്ഞു.
Sureshgopiaboutganageetham





































