കണ്ണൂർ :പൊള്ളുന്ന വേനൽ ചൂടിലും തളരാത്ത പോരാട്ട വീര്യവുമായ് ബഡ്‌സ് കായിക താരങ്ങൾ ട്രാക്ക് കീഴടക്കിയപ്പോൾ കുടുംബശ്രീ കണ്ണൂരിന് അഭിമാന നിമിഷം.
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനും കായിക പരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് ഒളിമ്പിയ സംഘടിപ്പിക്കുന്നത്.
കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ബഡ്‌സ് ഒളിമ്പിയ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിങ് ബ്രോഡ് ജമ്പ്, ഷോട്ട് പുട്ട്, നടത്തം 100 മീറ്റർ, ബാസ്കറ്റ് ബോൾ ത്രോ, വീൽ ചെയർ റേസ്, റിലെ എന്നിങ്ങനെ 35 ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
47 പോയിന്റുകൾ നേടി രാമന്തളി പ്രതീക്ഷ ബഡ്‌സ് സ്കൂൾ കിരീടമുയർത്തിയപ്പോൾ കണ്ണപുരം ബഡ്‌സ് സ്കൂൾ രണ്ടും, തളിപ്പറമ്പ് ബഡ്‌സ് സ്കൂൾ മൂന്നാം സ്ഥാനവും കരസ്തമാക്കി.
കുട്ടികൾക്ക് ദേശീയ തല മത്സരങ്ങളിൽ പങ്കെടുക്കാൻ കൂടുതൽ അവസരം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ബഡ്‌സ് വിദ്യാലയങ്ങളും കുടുംബശ്രീയും ചേർന്ന് നടത്തി വരുന്നു.ഇതിന്റെ ഭാഗമായി കുട്ടികൾക്ക് സ്‌കൂളുകളിൽ കായിക പരിശീലനങ്ങളും നൽകി വരുന്നു.രണ്ട് മാസത്തെ പരിശീലനങ്ങൾക്ക് ശേഷമാണ് വിദ്യാർഥികൾ ബഡ്‌സ് ഒളിമ്പ്യക്ക്സിന് എത്തിയത്.
വൈകുന്നേരം ആറ് മണിക്ക് നടന്ന സമാപന സമ്മേളനം കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ നിധിൻ രാജ് ഐ പി എസ് ഉത്ഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ വിജിത്ത്, കെ രാഹുൽ, പി ഒ ദീപ, ജില്ലാ പ്രോഗ്രാം മാനേജർ പി വിനേഷ്, ജിബിൻ സ്‌കറിയ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപൻ, പ്രസിഡന്റ് പി എം അഖിൽ, ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വിജയികൾ ജില്ലയെ പ്രതിനിധീകരിച്ച ജനുവരിയിൽ തലശ്ശേരിയിൽ വച്ച് നടക്കുന്ന സംസ്ഥാന ബഡ്‌സ് ഒളിമ്പിയയിൽ പങ്കെടുക്കും.
Kannur






































