ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നാണ് വൃശ്ചിമാസത്തിലെ വെളുത്ത ഏകാദശി ദിവസം ആചരിച്ചുവരുന്ന ഗുരുവായൂർ ഏകാദശി. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഇത് കണക്കാക്കിവരുന്നത്.
ഐതിഹ്യപ്രകാരം വൈകുണ്ഠനാഥനാൽ തന്നെ നിർമ്മിയ്ക്കപ്പെട്ടതും, ബ്രഹ്മാവ്, സുതപസ്സ്, കശ്യപൻ, വസുദേവർ എന്നിങ്ങനെ പോയി ഒടുവിൽ ശ്രീകൃഷ്ണഭഗവാന്റെ തന്നെയും പൂജയേറ്റുവാങ്ങിയതുമായ പാതാളാഞ്ജനനിർമ്മിതമായ വിഷ്ണുവിഗ്രഹം, ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയത് വൃശ്ചികമാസത്തിലെ വെളുത്ത ഏകാദശിനാളിലാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. കുരുക്ഷേത്ര യുദ്ധത്തിനിടയിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന് ശ്രീകൃഷ്ണൻ ഗീത ഉപദേശിച്ചുകൊടുത്തതും ഈ ദിവസമാണെന്ന് വിശ്വസിച്ചുവരുന്നു. അതിനാൽ, ഗീതാദിനമായും ഇത് ആചരിയ്ക്കപ്പെടുന്നു. കേരളത്തിൽ സ്വന്തമായി ഏകാദശി ആഘോഷങ്ങളുള്ള അപൂർവ്വം വൈഷ്ണവക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം.
കാഴ്ചശീവേലി കഴിഞ്ഞാൽ ഗുരുവായൂർ കിഴക്കേ നടയിലുള്ള പാർത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് പഞ്ചവാദ്യത്തോടുകൂടി എഴുന്നള്ളിപ്പുണ്ടാകും. മൂന്ന് ആനകളാണ് ഈ എഴുന്നള്ളിപ്പിന് മുന്നിലുണ്ടാകുന്നത്. വലിയ ആഘോഷത്തോടുകൂടിയ എഴുന്നള്ളിപ്പ് പാർത്ഥസാരഥിക്ഷേത്രത്തിന് മുന്നിലെത്താൻ ഒരുപാട് സമയമെടുക്കും. വൈകീട്ട് പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്ന് രഥമെഴുന്നള്ളിപ്പുമുണ്ടാകും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളതുപോലെ ഭീമാകാരമായ രഥമല്ല പാർത്ഥസാരഥിക്ഷേത്രത്തിൽ നിന്നെഴുന്നള്ളിയ്ക്കുന്നത്. താരതമ്യേന വളരെ ചെറിയൊരു രഥമാണ്. സ്വർണ്ണത്തിൽ തീർത്ത ഈ രഥം സ്റ്റിയർറിങ് കൊണ്ടാണ് ഓടിയ്ക്കുന്നത്. രഥത്തിന്റെ മുന്നിൽ ചമ്മട്ടിയേന്തിയ ശ്രീകൃഷ്ണഭഗവാന്റെയും പുറകിൽ തൊഴുതുനിൽക്കുന്ന അർജ്ജുനന്റെയും രൂപങ്ങൾ പണിതുവച്ചിട്ടുണ്ട്. 1977-ൽ നടന്ന പാർത്ഥസാരഥിക്ഷേത്രം പുനഃപ്രതിഷ്ഠയ്ക്കുശേഷമാണ് ഈ ചടങ്ങ് ആരംഭിച്ചത്. രഥമെഴുന്നള്ളിപ്പിന് അകമ്പടിയായി ഭക്തരുടെ നാമജപമുണ്ടാകും. എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിച്ചേരാൻ ഏറെ സമയമെടുക്കും. തുടർന്ന് ക്ഷേത്രത്തെ കുളമടക്കം വലംവച്ചാണ് എഴുന്നള്ളിപ്പ് അവസാനിയ്ക്കുന്നത്.
ഏകാദശിദിവസം അർദ്ധരാത്രി (ദ്വാദശിദിവസം പുലർച്ചെ) ദ്വാദശിപ്പണം സമർപ്പിയ്ക്കൽ എന്ന വിശേഷാൽ ചടങ്ങ് ആരംഭിയ്ക്കും. ക്ഷേത്രം കൂത്തമ്പലത്തിൽ വച്ചാണ് ഈ ചടങ്ങ് നടത്തപ്പെടുന്നത്. ശുകപുരം, പെരുവനം, ഇരിഞ്ഞാലക്കുട ഗ്രാമക്കാരായ, അഗ്നിഹോത്രികളായ നമ്പൂതിരിമാർക്ക് ഭക്തർ ദക്ഷിണ നൽകുന്ന ചടങ്ങാണിത്. ബ്രാഹ്മണശ്രേഷ്ഠരായ അഗ്നിഹോത്രിമാർക്ക് ദക്ഷിണ നൽകുന്നത് അതീവപുണ്യകരമായ കാര്യമാണെന്ന് വിശ്വസിച്ചുവരുന്നു. ആദ്യത്തെ ദക്ഷിണ സമർപ്പിയ്ക്കുന്നത് ഭഗവാൻ തന്നെയാണെന്നാണ് വിശ്വാസം. ഭഗവദ്പ്രതിനിധിയായി മേൽശാന്തിയാണ് ദക്ഷിണ സമർപ്പിയ്ക്കുന്നത്. തുടർന്ന് ദേവസ്വം അധികാരികളും അവസാനം ഭക്തരും സമർപ്പിയ്ക്കുന്നു. രാവിലെ ഒമ്പതുമണി വരെ പണം സമർപ്പിയ്ക്കൽ അനുസ്യൂതം തുടരുന്നു. ദ്വാദശിനാളിൽ രാവിലെ ഏഴുമണിയ്ക്ക് ദ്വാദശി ഊട്ട് നടത്തുന്നു. ഇടിച്ചുപിഴിഞ്ഞ പായസത്തോടെ നടത്തുന്ന സദ്യയാണിത്. അന്നേദിവസം രാവിലെ ഒമ്പതുമണിയ്ക്ക് നടയടച്ചുകഴിഞ്ഞാൽ പിന്നെ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കേ തുറക്കൂ. ആ സമയം വിവാഹം, ചോറൂൺ, തുലാഭാരം തുടങ്ങിയ കർമ്മങ്ങളൊന്നും നടത്താറില്ല. ദ്വാദശിയുടെ പിറ്റേ ദിവസം (ത്രയോദശി നാളിൽ) നടത്തുന്ന ത്രയോദശി ഊട്ട്, തന്റെ ഭക്തനായിരുന്ന ഒരു പരദേശി ബ്രാഹ്മണന്റെ ശ്രാദ്ധം ഭഗവാൻ തന്നെ ഊട്ടുന്ന ചടങ്ങായി വ്യാഖ്യാനിയ്ക്കപ്പെടുന്നു. മത്തനും നേന്ത്രപ്പഴവും ചേർന്നുള്ള പച്ചടി, മത്തൻ പൊടിത്തൂവൽ, എളവൻ-ചേന-പയർ കൂട്ടുകറി, രസം, പിണ്ടിപ്പായസം എന്നിവയോടുകൂടിയ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ഏകാദശിച്ചടങ്ങുകൾ അവസാനിക്കുന്നു.
Today is Guruvayur Ekadashi















.jpeg)





















