കണ്ണൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി മെഷീനുകളുടെ പ്രവര്‍ത്തനക്ഷമതയും കൃത്യതയും പരിശോധിച്ച് ഉറപ്പിക്കുന്നതിനായി വോട്ടെടുപ്പ് തുടങ്ങുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ മോക് പോള്‍ ആരംഭിക്കും. തുടര്‍ന്നാണ് രാവിലെ ഏഴ് മണിക്ക് പോളിംഗ് ആരംഭിക്കുക.
മെഷീനില്‍ വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് തെളിയിച്ച ശേഷം ഏതാനും വോട്ടുകള്‍ രേഖപ്പെടുത്തിയാണ് മോക് പോള്‍ നടത്തുന്നത്. മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും പോളിംഗ് ഏജന്റുമാര്‍ വോട്ട് രേഖപ്പെടുത്തിക്കൊണ്ടാണ് മോക്‌പോള്‍ നടത്തുക. ഏതെങ്കിലും സ്ഥാനാര്‍ഥിയുടെ പോളിംഗ് ഏജന്റ് മോക് പോള്‍ സമയത്ത് പോളിംഗ് ബൂത്തില്‍ ഇല്ലെങ്കില്‍ പോളിംഗ് ഓഫീസര്‍മാരില്‍ ആരെങ്കിലുമോ അല്ലെങ്കില്‍ ആ സമയത്ത് പോളിംഗ് ബൂത്തിലുള്ള പോളിംഗ് ഏജന്റമാരില്‍ ആരെങ്കിലുമോ പ്രസ്തുത സ്ഥാനാര്‍ഥിക്കുവേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തണം. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി മോക് പോളില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിലുള്ള പോളിംഗ് ഓഫീസര്‍ ഉറപ്പുവരുത്തും.
സ്ഥാനാര്‍ഥികളുടെ പോളിംഗ് ഏജന്റുമാരൊന്നും മോക് പോള്‍ സമയത്ത് പോളിംഗ് ബൂത്തില്‍ ഹാജരായില്ലെങ്കിലും പ്രിസൈഡിംഗ് ഓഫീസര്‍ മോക് പോള്‍ അക്കാരണത്താല്‍ മാറ്റിവെക്കില്ല. അതുപോലെ ഏതെങ്കിലും പോളിംഗ് ഏജന്റുമാര്‍ വൈകി പോളിംഗ് ബൂത്തില്‍ ഹാജരായാലും മോക് പോളുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍ നടപടിക്രമങ്ങള്‍ അതുവരെ നടത്തിയവ ആവര്‍ത്തിക്കില്ല. പകരം തുടര്‍ന്നുവരുന്ന നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിന് അനുവദിക്കും.
മോക് പോള്‍ നടത്തുമ്പോള്‍ ഓരോ സ്ഥാനാര്‍ഥിക്കും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം ഒരു കടലാസ്സില്‍ എഴുതി സൂക്ഷിക്കും. മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും, എഴുതി സൂക്ഷിച്ചിട്ടുള്ള മോക് പോളില്‍ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണവും തമ്മില്‍ തുല്യം ആകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. മോക് പോളിനു ശേഷം പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തില്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഫലം പരിശോധിച്ച് മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിക്കും എഴുതി സൂക്ഷിച്ചിട്ടുള്ള കണക്ക് പ്രകാരം മോക് പോളില്‍ രേഖപ്പെടുത്തിയ വോട്ട് മെഷീനില്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തും. ശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ക്ലിയര്‍ ബട്ടന്‍ അമര്‍ത്തി മോക് പോളില്‍ ചെയ്യപ്പെട്ട വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്നും മായ്ച്ചുകളയും. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്യും.
ബൂത്തുകള്‍ പ്രിസൈഡിംഗ് ഓഫീസറുടെ നിയന്ത്രണത്തില്‍
വോട്ടെടുപ്പിനായി സജ്ജമാക്കിയ അതാത് പോളിംഗ് സ്റ്റേഷനുകളിലെ പരമാധികാരി പ്രിസൈഡിംഗ് ഓഫീസറാണ്. പോളിംഗ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന കെട്ടിടവും, അതിന് ചുറ്റുവട്ടത്ത് 200 മീറ്റര്‍ (മുനിസിപ്പാലിറ്റിയില്‍ 100 മീറ്റര്‍) ദൂരപരിധിയില്‍പ്പെടുന്ന പ്രദേശവും പ്രിസൈഡിംഗ് ഓഫീസറുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. സ്വതന്ത്രവും, നീതിയുക്തവും, സുതാര്യവും, സുഗമവുമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ പോളിംഗ് ടീമിലുള്ള എല്ലാവരുടേയും സഹകരണം ഉറപ്പാക്കി ഒരു ടീമെന്ന നിലയിലാണ് ബൂത്തുകളിലെ പ്രവര്‍ത്തനം.
പോളിങ്ങിന് മുമ്പ് പോളിങ് സ്റ്റേഷന്‍ ഒരുക്കുക, വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പ് പോളിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ മോക് പോള്‍ നടത്തുകയും വോട്ടിംഗ് മെഷീന്‍ മുദ്രവെയ്ക്കുകയും ചെയ്യുക, പോളിംഗ് സ്റ്റേഷനില്‍ നടക്കുന്ന പ്രധാനപ്പെട്ട എല്ലാ സംഭവങ്ങളും പ്രിസൈഡിങ് ഓഫീസര്‍ ഡയറിയില്‍ (ഫോറം എന്‍13) രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ അര്‍ഹതയുള്ള ആളുകളെ മാത്രം അനുവദിക്കുക, പോളിംഗ് സ്റ്റേഷനിലും പരിസരത്തും തിരഞ്ഞെടുപ്പ് നിയമങ്ങള്‍ നടപ്പിലാക്കുക, വോട്ടെടുപ്പിനിടയില്‍ ഉണ്ടാകാവുന്ന സവിശേഷ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുക, വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്ത് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് സ്ലിപ്പ് നല്‍കുകയും വോട്ടെടുപ്പ് അവസാനിപ്പിക്കുകയും ചെയ്യുക, വോട്ടെടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (കണ്‍ട്രോള്‍ യൂണിറ്റ്) മുദ്രവെയ്ക്കുക. രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കിന്റെ പകര്‍പ്പ് പോളിംഗ് ഏജന്റുമാര്‍ക്ക് നല്‍കുക, വോട്ടിംഗ് യന്ത്രങ്ങളും തിരഞ്ഞെടുപ്പ് രേഖകളും സുരക്ഷിതമായി സ്വീകരണ കേന്ദ്രത്തില്‍ തിരികെ ഏല്‍പ്പിക്കുക എന്നിവയാണ് പ്രിസൈഡിംഗ് ഓഫീസറുടെ പ്രധാന ചുമതലകള്‍.
പോളിംഗ് ഓഫീസര്‍മാര്‍
പോളിംഗ് ഓഫീസര്‍മാരാണ് പ്രിസൈഡിംഗ് ഓഫീസര്‍ക്കൊപ്പം ബൂത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഒന്നാം പോളിംഗ് ഓഫീസര്‍ സമ്മതിദായകന്റെ പേര് വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷം വോട്ടറുടെ കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് വോട്ടറുടെ പേരും ക്രമനമ്പറും മറ്റു പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും പോളിംഗ് ഏജന്റുമാര്‍ക്കും കേള്‍ക്കാനാകുന്ന വിധം ഉറക്കെ വായിക്കും. വോട്ടറെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയുടെ അടയാളപ്പെടുത്തിയ പകര്‍പ്പിലെ അയാളുടെ പേര് രേഖപ്പെടുത്തിയിട്ടുള്ള കോളത്തില്‍ അടയാളം രേഖപ്പെടുത്തും.
തുടര്‍ന്ന് രണ്ടാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ ക്രമ നമ്പര്‍ വോട്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് വോട്ടറുടെ ഇടത് ചൂണ്ടുവിരലില്‍ മായാത്ത മഷി പുരട്ടും. ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ച് ഒരു വോട്ടേഴ്സ് സ്ലിപ്പ് തയ്യാറാക്കി വോട്ടര്‍ക്ക് നല്‍കും. അതിനുശേഷം മൂന്നാം പോളിംഗ് ഓഫീസര്‍ വോട്ടറുടെ വിരലില്‍ മായാത്ത മഷി അടയാളം വ്യക്തമായിട്ടുണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് വോട്ടറുടെ പക്കല്‍ നിന്ന് വോട്ടേഴ്സ് സ്ലിപ്പ് വാങ്ങി വോട്ടറെ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിംഗ് കമ്പാര്‍ട്ടുമെന്റിലേക്ക് പോകാന്‍ അനുവദിക്കും, ഇതിനായി അദ്ദേഹം കണ്‍ട്രോള്‍ യൂണിറ്റിന്റെ ‘ബാലറ്റ്’ ബട്ടണ്‍ അമര്‍ത്തും. വോട്ട് രജിസ്റ്ററില്‍ (ഫോം 21എ) രേഖപ്പെടുത്തിയിരിക്കുന്ന അതേ ക്രമത്തില്‍ തന്നെ വോട്ടറെ വോട്ടുചെയ്യാന്‍ അനുവദിക്കും. തുടര്‍ന്ന് വോട്ടര്‍ തന്റെ വോട്ട് രേഖപ്പെടുത്തുകയും ബീപ്പ് ശബ്ദം നിലച്ചാല്‍ ഉടന്‍ തന്നെ കമ്പാര്‍ട്ടുമെന്റ്‌റില്‍ നിന്ന് പുറത്തുപോകുകയും ചെയ്യുന്നു.
പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയുള്ളത് ആര്‍ക്കൊക്കെ
പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുവാന്‍ അര്‍ഹതയുള്ള ആളുകള്‍ ഇവരാണ്. പോളിംഗ് ടീമിനും അര്‍ഹതയുള്ള സമ്മതിദായകര്‍ക്കും പുറമേ സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഏജന്റും ഒരു സമയം സ്ഥാനാര്‍ഥിയുടെ ഒരു പോളിംഗ് ഏജന്റും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തുന്ന ആളുകള്‍. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍. കമ്മീഷന്‍ നിയമിക്കുന്ന നിരീക്ഷകര്‍. സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്. പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധനെയോ അവശനെയോ അനുധാവനം ചെയ്യാന്‍ അനുവദിക്കപ്പെടുന്ന ഒരു വ്യക്തി. സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതില്‍ മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ അതതുസമയം പ്രിസൈഡിംഗ് ഓഫീസര്‍ പ്രവേശിപ്പിക്കുന്ന മറ്റ് ആളുകള്‍.
Mokpoletomarrow









































