കോൺഗ്രസ് നേതാക്കളെ സ്ത്രീലമ്പടൻമാരെന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ബലാത്സംഗക്കേസുമായി ബന്ധപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതി രണ്ടാഴ്ച കൈയിൽ വച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും കൂടുതൽ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കോൺഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിച്ചാൽ ജനം തള്ളികളയുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇന്ന് രാവിലെ ധർമ്മടത്ത് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്.സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെയെന്നും വീമ്പ് പറയുന്നതിന് പരിധിയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.'സ്ത്രീലമ്പടന്മാർക്ക് ഉന്നത പദവി നൽകുന്നതാണ് സിപിഎമ്മിന്റെ ശീലം. പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി രണ്ടാഴ്ച കൈയിൽവച്ച മുഖ്യമന്ത്രിയാണ് ഈ വർത്തമാനം പറയുന്നത്. വീമ്പു പറയുന്നതിന് പരിധിയുണ്ട്. രാഹുലിനെതിരെ രണ്ടാം പരാതി രാഷ്ട്രീയപ്രേരിതമാണോയെന്ന് കോടതി പരിശോധിക്കട്ടെ. സ്ത്രീപീഡനം നടത്തിയവരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഞങ്ങളുടെ പാർട്ടിയിൽ ഇല്ലാത്ത ആളിനെക്കുറിച്ച് ഇനിയും എന്താണ് പറയണ്ടേത്? ഇനിയും പരാതി വരാനുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നത് സ്വന്തം പാർട്ടിക്കാരെ കുറിച്ചാണോ?ഞങ്ങളെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. പാർട്ടി സെക്രട്ടറിയായപ്പോൾ പിണറായി വിജയൻ ചെയ്തതടക്കം എന്താണെന്ന് അറിയാം. കെ റെയിൽ നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് സ്വയം ബോദ്ധ്യപ്പെട്ടു. ആ മഞ്ഞക്കുറ്റി ഇനിയെങ്കിലും പിഴുതുകളയണം. 'എൻ പിള്ള ' നയം എടുക്കുന്നത് ശരിയല്ല. സ്വന്തം പാർട്ടിക്കാരാണെങ്കിൽ പരാതി അലമാരയിൽവച്ച് പൂട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ശീലം'- രമേശ് ചെന്നിത്തല പറഞ്ഞു.
Remeshchennithala




































