പാലക്കാട് : തിരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ എംഎൽഎ. രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഐഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ.
പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി ശബരിമല സ്വർണക്കൊള്ള ചർച്ചയാവുന്നതിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ഷാഫി ആരോപിച്ചു.
ജനങ്ങൾ തീരുമാനിച്ച അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.
പാലക്കാട്ടെ ഭരണം ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. പാർട്ടിക്കകത്തെ തർക്കം ഭരണത്തെയടക്കം ബാധിക്കുന്ന തരത്തിലെത്തി. അധികാരത്തിലെത്താൻ ബിജെപി എന്തൊക്കെ പറഞ്ഞോ അതേ അവസ്ഥയാണിപ്പോഴും. പാലക്കാട്ടെ ജനങ്ങൾ യുഡിഎഫിന് അനുകൂലമായി വിധിയെഴുതുമെന്നും ഷാഫി പ്രതികരിച്ചു.
Shaffiparambil





































