തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍, അതിജീവിതയെ സംശയനിഴലില്‍ നിര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം പരസ്യമായി തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. പരാതി വെല്‍ ഡ്രാഫ്റ്റഡ് എന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ആരോപണം. എന്നാല്‍ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കരുതുന്നില്ലെന്നും മുന്‍വിധിയോടെ കാണരുതെന്നുമാണ് വി ഡി സതീശന്റെ തിരുത്തല്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമാണെന്നും അതിന് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിന്‍ ഉണ്ടെന്ന് സംശയിക്കുന്നതായും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത് ചര്‍ച്ചയായിരുന്നു. ലൈംഗിക വൈകൃതമുള്ളവരെ സംരക്ഷിക്കുന്നവരെ സമൂഹം തള്ളിക്കളയുമെന്നായിരുന്നു ഇതിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നത്. പിന്നീടാണ് സണ്ണി ജോസഫിനെ തിരുത്തി വി ഡി സതീശന്‍ രംഗത്തെത്തിയത്. രാഹുലിനെതിരായ പരാതി വെല്‍ ഡ്രാഫ്റ്റഡ് തന്നെയാണെന്നും അങ്ങനെ തന്നെയാണ് പരാതി സമര്‍പ്പിക്കേണ്ടതെന്നുമാണ് വി ഡി സതീശന്റെ തിരുത്ത്.
അതേസമയം രാഹുല്‍ വിഷയത്തില്‍ രൂക്ഷ പ്രതികരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കോണ്‍ഗ്രസിലെ സ്ത്രീലമ്പടന്മാര്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഞ്ഞടിച്ചു. ലൈംഗിക വൈകൃത കുറ്റവാളികളെ കോണ്‍ഗ്രസ് നേതൃത്വം ന്യായീകരിക്കുന്നു. ഇപ്പോള്‍ വന്നതിനെക്കാള്‍ അപ്പുറത്തുള്ളത് ഇനി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈംഗിക അതിക്രമത്തിന് ഇരയായ യുവതികള്‍ പരാതി പറയാന്‍ ഭയപ്പെട്ടത് എന്തിനെന്ന് ചിന്തിക്കണമെന്നും ഇത് വളരെ ഗൗരവതരമായ വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിസ്സഹായയായ യുവതികള്‍ യഥാര്‍ഥ വസ്തുത പുറത്തുപറയാന്‍ ഭയപ്പെടുകയാണ്. കൊന്നുതള്ളുമെന്നാണ് അവര്‍ക്കെതിരായ ഭീഷണി. ഇത്തരമൊരു കാര്യം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാവില്‍ നിന്ന് ഉണ്ടാകുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനെ വിമര്‍ശിച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു. സര്‍ക്കാരും ജനങ്ങളും സമൂഹവും അതിജീവിതയ്‌ക്കൊപ്പമാണ്. അതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈംഗിക വൈകൃതമുള്ള ആളുകളെ സംരക്ഷിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Welldraftedcomment





































