ഇടുക്കി : ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അനുമതിയും ഗ്ലാസ് ബ്രിഡ്ജിനില്ല. പ്രവർത്തനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ പോലീസ് മേധാവിക്കും കൈമാറി. നിർമാണ പ്രവർത്തനം നടത്തരുതെന്ന റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ പലവട്ടം അവഗണിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് എന്ന പരസ്യം നൽകിയാണ് ആനച്ചാലിൽ ഇന്നലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ആരംഭിച്ചത്. നിർമാണ ഘട്ടത്തിൽ തന്നെ പള്ളിവാസൽ പഞ്ചായത്തും റവന്യൂ വകുപ്പും സ്റ്റോപ് മെമ്മോ നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി നിർദേശങ്ങൾ നൽകിയിരുന്നു. ഇത് മറികടന്നാണ് 20 അടി ഉയരത്തിൽ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചിരിക്കുന്നത്.
പള്ളിവാസൽ ഉൾപ്പെടെയുള്ള പ്രദേശം റെഡ് സോണിൽ ഉൾപ്പെടുന്നതാണ്. ഇവിടെ ഇത്തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലാത്തതാണ്. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും അത് അവഗണിച്ചുകൊണ്ടുള്ള നിരമാണം ആണ് നടന്നതെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
Edukkiglassbride



































