കേളകം: ചീങ്കണ്ണി പുഴയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്ക പരിഹാരം കാണുന്നതിനായി പുഴയുടെ അവകാശം ഇരു പഞ്ചായത്തുകൾക്കും തുല്യമായി വീതിച്ചു നൽകാനും അധികം വരുന്ന ഭൂമി ഈറാട്ട് (ഒരാൾക്ക് മാത്രമായി നൽകാൻ ) അസിസ്റ്റൻറ് റീ സർവ്വേർക്ക് നിർദ്ദേശം നൽകിയത് മുൻ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും ഇടതുപക്ഷ പഞ്ചായത്തംഗങ്ങളുടെയും അനുമതിയോടെയാണെന്ന് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി. ഇത് സംബന്ധിച്ച് കണ്ണൂർ കലക്‌ടറേറ്റ് സർവ്വേ ഡയറക്ടർ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആറളം, കേളകം പഞ്ചായത്ത് റീ സർവ്വേ ചെയ്‌തു കഴിഞ്ഞപ്പോൾ പുഴയുടെ ഉടമസ്ഥത അവകാശം ആദ്യഘട്ടത്തിൽ ആറളം പഞ്ചായത്തിൽ മാത്രമായി നിക്ഷിപ്‌തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് അസിസ്റ്റൻറ് ജില്ലാ കളക്ടർ പിന്നീട് ഇത് തർക്ക ഭൂമിയായി നിലനിർത്തിയിരുന്നു. എന്നാൽ അന്തിമ പരിഹാരം കാണുന്നതിനായാണ് പുഴ റിവർ ഹാഫ് (ഇരു പഞ്ചായത്തുകൾക്കും തുല്യമായി പകർത്തു നൽകൽ ) ചെയ്യാൻ തീരുമാനിച്ചത്.5 -12 -2025 നടന്ന പഞ്ചായത്ത്, വനം വകുപ്പ് സംയുക്ത യോഗത്തിലാണ് റിവർ ഹാഫ് ചെയ്യാനുള്ള തീരുമാനം ഉണ്ടായത്. ഈ യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും പങ്കെടുത്തിരുന്നു എന്നും ഇവർ മനപൂർവ്വം കേളകത്തെ ജനങ്ങളെ കളിപ്പിക്കുകയായിരുന്നു എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. നേരത്തെ ചീങ്കണ്ണി പുഴ ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിലേക്ക് കത്ത് നൽകിയിരുന്നു. ഇതും ഏറെ വിവാദമായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് ജോസഫ് മണ്ണാർകുളം, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. ബിജു ചാക്കോ പൊരുമത്തറ, ഡി.സി.സി അംഗം വർഗ്ഗീസ് ജോസഫ് നടപ്പുറം, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, പഞ്ചായത്തംഗങ്ങളായ സുനിത രാജു വാത്യാട്ട്, ലിസി കുന്നോല, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഡോ. ജോർജ്ജ് തുരുത്തിക്കാട്ടിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Cheengannippuzha

.png)





.png)































