കൊച്ചി: വെള്ളാപ്പള്ളിയുടെ വിവാദ പരാമർശത്തിൽ വ്യക്തികൾക്ക് എതിരായി അഭിപ്രായം പറയില്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത്. രാഷ്ട്രീയമായ ആരോപണത്തിന് രാഷ്ട്രീയ പാർട്ടികൾ മറുപടി പറയും. മാധ്യമപ്രവർത്തകരെ ഭീകരരായി മുദ്രകുത്തുന്നത് ശരിയല്ലെന്നും കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.
ഒരു സാമൂഹിക പ്രതിഭാസം എന്ന നിലയിൽ വർഗീയതയുടെയും സാമുദായിക ധ്രുവീകരണത്തിന്റെയും കെടുതികൾ രാജ്യമൊട്ടാകെ അനുഭവിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന സാമുദായിക ധ്രുവീകരണത്തിന്റെ സ്വഭാവം ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ് എന്നു വേണം കരുതാൻ.
സാക്ഷരതയിലും മറ്റു ജീവിത നിലവാര സൂചികകളിലും വലിയ മുന്നേറ്റം കൈവരിച്ച ഒരു സമൂഹത്തിൽ നടക്കുന്ന ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് ഒരു പക്ഷെ പ്രത്യക്ഷമായ പ്രകടന സ്വഭാവമോ, അക്രമണത്മകമായ ഭാവമോ ഉണ്ടായിക്കൊള്ളണമെന്നില്ല. അതേസമയം പതിയെ പതിയെ അതിലേക്ക് നീങ്ങാനുള്ള സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യും.
സമീപകാലത്ത് കേരളത്തിൽ നടന്ന സാമുദായിക ധ്രുവീകരണ പ്രവർത്തനങ്ങളുടെയും രീതിയും സ്വഭാവവും പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകും. വിവിധ സാമുദായിക നേതാക്കൾ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രസ്താവനകളും അതിശയോക്തി നിറഞ്ഞ ആരോപണങ്ങളുമെല്ലാം അതിന്റെ സൂചനകളാണ്. ജാതി-മത വ്യത്യാസങ്ങളുടെ പേരിൽ മനുഷ്യർ നേരിടേണ്ടിവരുന്ന അസമത്വങ്ങൾക്കെതിരെ കേരളത്തിൽ രൂപം കൊണ്ട സാമുദായിക നവോഥാന മുന്നേറ്റങ്ങളുടെ പിന്തലമുറക്കാർ പോലും അതിലുണ്ട് എന്നത് കേരളത്തിന്റെ പിന്തിരിഞ്ഞു നടത്തത്തിന്റെ ആഴവും വ്യാപ്തിയും വ്യക്തമാക്കുന്നുണ്ട്.
വികസന സൂചികകളിൽ സമുദായങ്ങൾ കൈവരിച്ച നേട്ടങ്ങളെ വക്രീകരിച്ചു കാണിച്ചു കൊണ്ടുള്ള പ്രസ്താവനകളും കാമ്പയിനുകളും വഴിയുള്ള ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് എളുപ്പത്തിൽ വേരോട്ടം ലഭിക്കും എന്നതുകൊണ്ടാവണം ഈ തന്ത്രമാണ് ഉത്തരവാദപ്പെട്ടവർ പോലും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന ഒരു ഏജൻസിയെ മലപ്പുറത്ത് സ്കൂൾ തുടങ്ങാൻ സമ്മതിക്കുന്നില്ല എന്ന പ്രസ്താവനയൊക്കെ അതിന്റെ ഭാഗമാണ്. സ്കൂളുകൾ തുടങ്ങാൻ വ്യവസ്ഥാപിതമായ സംവിധാനങ്ങളും അതിനാവശ്യമായ നിയതമായ പ്രക്രിയകളും നിലവിലുള്ള ഒരിടത്തുവെച്ചാണ് തെറ്റിദ്ധാരണാജനകമായ ഇത്തരം പ്രസ്താവനകൾ തുടരെത്തുടരെ നടത്തുന്നത്. ഇതിങ്ങനെ തുടരാൻ അനുവദിക്കുന്നത് കേരളം കരസ്ഥമാക്കിയ പല നേട്ടങ്ങളെയും തിരിച്ചുപിടിക്കാൻ കഴിയാത്ത വിധം ഇല്ലാതാക്കും.
ഇത്തരം ആസൂത്രിതമായ കാമ്പയിനുകളെ പ്രതിരോധിക്കാൻ ഔദ്യോഗികതലത്തിൽ തന്നെ വ്യവസ്ഥാപിതമായ സംവിധാനങ്ങൾ ഒരുക്കാൻ സർക്കാർ തയ്യാറാകണം. സർക്കാരിന്റെ എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വസ്തുതാപരിശോധന കേന്ദ്രം ആരംഭിക്കുകയും, വിവിധ സർക്കാർ ഏജൻസികളെ പരസ്പരം ബന്ധപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ഓരോ മേഖലയിലെയും വസ്തുതകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ധവള പത്രങ്ങൾ ഇറക്കുകയും വേണം.
ഉയർന്നുവരുന്ന ഓരോ വിഷയങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവാന്മാരാക്കാനും, പ്രശ്നം പരിഹരിക്കാനുമുള്ള ഔദ്യോഗിക സംവിധാനമെന്ന നിലയിൽ ഈ വസ്തുതാ പരിശോധന കേന്ദ്രങ്ങളെ മാറ്റിയെടുക്കണം. കേരളത്തിലെ സർക്കാർ-ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരുടെ പൂർണ്ണ വിവരങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും കണക്കുകൾ എന്നിവയുടെ ജില്ലകളും സമുദായങ്ങളും ജാതികളും തിരിച്ചുകൊണ്ടുള്ള ധവളപത്രം സർക്കാർ പുറത്തുവിടണം.
സമീപകാലത്തായി നടക്കുന്ന പല ധ്രുവീകരണ കാമ്പയിനുകളും വിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ചുകൊണ്ടാണ് എന്നതിനാലാണ് ഈ ആവശ്യം മുന്നോട്ടു വെക്കുന്നത്. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള ആരോപണങ്ങളെ വസ്തുതകൾ കൊണ്ട് നേരിട്ടില്ലെങ്കിൽ ആരോപണങ്ങൾ പിന്നീട് വസ്തുതകളായി മാറുമെന്നും കേരള മുസ്ലിം ജമാ അത് ജനറൽ സെക്രട്ടറി സയിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി വ്യക്തമാക്കി.
Keralamuslimjamath






































