ചെന്നൈ: വിജയ്‍യുടെ പുതിയ ചിത്രമായ ജനനായകന്റെ റിലീസ് മാറ്റി. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള സാഹചര്യം എന്നാണ് കെവിഎൻ പ്രൊഡകഷൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. 'കുതിക്കുന്നതിന് മുൻപ് സിംഹം പോലും രണ്ടടി പിന്നോട്ട് മാറാറുണ്ട്'- എന്ന കുറിപ്പോടെയാണ് റിലീസ് മാറ്റിയ അറിയിപ്പ് പുറത്തുവിട്ടത്. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.
സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റിനായി നിർമാതാക്കൾ നൽകിയ ഹരജിയിൽ വെള്ളിയാഴ്ച വിധി പറയാൻ മാറ്റിയതോടെയാണ് റിലീസ് മാറ്റിയത്. സെൻസർ ബോർഡ് നിർദേശിച്ച 27 മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് നിർമാതാക്കൾ കോടതിയെ സമീപിച്ചത്.
മതവികാരം വ്രണപ്പെടുത്തി, സായുധ സേനയെ വികലമായി ചിത്രീകരിച്ചു എന്നീ പരാതികൾ ലഭിച്ചതിനാൽ ചിത്രം വീണ്ടും കാണാൻ റിവൈസിങ് കമ്മിറ്റിക്ക് കൈമാറിയെന്നായിരുന്നു സെൻസർ ബോർഡിന്റെ വിശദീകരണം. കേരളത്തിലടക്കം പല കേന്ദ്രങ്ങളിലും അതിരാവിലെയുള്ള ഷോകൾ ഉൾപ്പെടെയുള്ളവയ്ക്ക് ബുക്കിങ് തുടങ്ങിയിരുന്നു. പലയിടത്തും ഷോകൾ ഹൗസ്ഫുള്ളാണെന്ന് ബുക്കിങ് സൈറ്റുകൾ വ്യക്തമാക്കുന്നു.
ചിത്രം പ്രീ ബുക്കിങ്ങിലൂടെ മാത്രം 35 കോടി നേടിയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
The release of Vijay's new film Jananayakan has been postponed.




.jpeg)





.jpeg)


























