പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഫിബ്രവരി മൂന്ന് മുതൽ ഏഴ് വരെ നടക്കും. മൂന്നിന് രാവിലെ ക്ഷേത്ര ചടങ്ങുകൾ. വൈകിട്ട് നാലിന് കൊടിയേറ്റം, അഞ്ചിന് പേരാവൂരിൽ നിന്ന് മടപ്പുരയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര. രാത്രി എട്ടിന് കോഴിക്കോട് ബീറ്റ്‌സ് ഓർക്കസ്ട്രയുടെ മെഗാഷോ. നാലിന് രാത്രി എട്ടിന് നൃത്തനൃത്ത്യങ്ങൾ. അഞ്ചിന് രാത്രിഎട്ടിന് കണ്ണൂർ സംഘകലയുടെ മൾട്ടിവിഷ്വൽ വിൽ കലാമേള കടത്തനാടൻ വീരപുത്രി, ഒൻപത് മണിക്ക് കരോക്കെ ഗാനമേള. ആറിന് വൈകിട്ട് ആറ് മണിക്ക് ഞണ്ടാടിയിൽ നിന്നുള്ള മുതക്കലശത്തിന് വരവേല്പ്. ഏഴ് മണിക്ക് വർണശബളമായ ഘോഷയാത്ര പേരാവൂരിൽ നിന്നും പുറപ്പെടും. രാത്രി 11ന് കൊച്ചിൻ ഡ്രാമാവിഷന്റെ പുണ്യപുരാണ നാടകം മഹാശിവഭദ്ര. സമാപന ദിവസമായ ശനിയാഴ്ച പുലർച്ചെ നാലിന് ഭഗവതിയുടെ രൂപം തമ്പുരാട്ടി , വൈകിട്ട് നാലിന് കൊടിയിറക്കം. ദിവസവും രാവിലെ ആറിന് തിരുവപ്പന വെള്ളാട്ടവും ഉച്ചക്ക് 12.15-നും രാത്രി 7.30-നും പ്രസാദ സദ്യയും ഉണ്ടാവും. പത്രസമ്മേളനത്തിൽ പുരളിമല മുത്തപ്പൻ മടപ്പുര സംരക്ഷണ സമിതി പ്രസിഡന്റ് കെ.കെ. മോഹൻദാസ്, ജനറൽ സെക്രട്ടറി എം.വി.ജനാർദ്ദനൻ, ഖജാഞ്ചി എം.ഭാസ്‌കരൻ, ആഘോഷക്കമ്മിറ്റി കൺവീനർ പി.വി.നിനീഷ് എന്നിവർ സംബന്ധിച്ചു.
Peravoor Puralimala Muthappan Madappura Thiruvappana Festival


































