എറണാകുളം: ബലാത്സംഗ കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ തുടരുന്നു. ജയിലിൽ കാണാൻ എത്തിയ കോൺഗ്രസ് പ്രവർത്തകരെ രാഹുൽ കാണാൻ കൂട്ടാക്കിയില്ല.
ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകൾ ഒന്നും ഉണ്ടായില്ല. ജയിൽ ഭക്ഷണം, കിടപ്പ് തറയിൽ പായ വിരിച്ച്. പരാതികൾ ഇല്ലാതെ രാഹുൽ നേരം വെളുപ്പിച്ചു. സന്ദർശിക്കാൻ എത്തിയ അടൂരിലെ കോൺഗ്രസ്സ് നേതാക്കളെ കാണാൻ കൂട്ടാക്കാതെ മടക്കി അയച്ചു. സന്ദർഷകരെ ആരെയും അനുവദിക്കേണ്ടന്ന് രാഹുൽ ജയിൽ അധികൃതരെ അറിയിച്ചു. അറസ്റ്റിൽ രാഹുലിനെതിരെ കടുത്ത വിമർശനമാണ് വിവിധ നേതാക്കൾ ഉയർത്തിയത്. എഫ്ഐആറിൽ പരാമർശമുള്ള വടകരയിലെ ഫ്ലാറ്റ് പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ വ്യക്തമാക്കി.
രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ പ്രതികരണം.അറസ്റ്റ് നടപടികൾ കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന വിമർശനവുമായി മുൻ ഡിജിപി സെൻകുമാർ രംഗത്തെത്തി. കോഴിയും പൊലീസും ക്രിമിനൽ നിയമങ്ങളും എന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്കിലെ വിമർശനം. രാഹുൽ മാങ്കൂട്ടത്തിലിനായി കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ദേവാലയങ്ങളിൽ വഴിപാട് നടത്തി. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്ന് റെജോ വള്ളംകുളം പറഞ്ഞു.
അറസ്റ്റ് നടപടികളിൽ പോലീസിന് വീഴ്ച പറ്റിയെന്ന വിമർശനവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. രാഹുലിനായി ദേവാലയങ്ങളിൽ യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വഴിപാട് കഴിപ്പിച്ചത് വിവാദമായി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കോടതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരിഗണിക്കും.
Rahulmanootathil







































