ശബരിമല: അയ്യനൊപ്പം പമ്പാസദ്യകഴിച്ച് ശബരിമലയുടെ തീർഥമായ പമ്പയിൽ ആരതിയുഴിഞ്ഞ് ഭക്തർ മലകയറി. ബുധനാഴ്ച സന്ധ്യക്കുള്ള മകരവിളക്കിന് കാത്തിരിപ്പാണിനി. ശബരിമല സന്നിധാനത്ത് ശുദ്ധിക്രിയകൾ ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായി. ചൊവ്വാഴ്ച വൈകിട്ട് കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ബിംബശുദ്ധിക്രിയകൾ പൂർത്തിയാക്കി.
മകരസംക്രമപൂജ ഇന്ന് ഉച്ചയ്ക്ക് മൂന്നിന് നടക്കും. വൈകുന്നേരം നാലുമണിയോടെ ജ്യോതിമേടിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം അധികാരികളും തന്ത്രി ചുമതലപ്പെടുത്തുന്നവരും ചേർന്ന് സ്വീകരിച്ച് ആഘോഷത്തോടെ സന്നിധാനത്തേക്ക് ആനയിക്കും. ആഭരണപ്പെട്ടി തിരുമുറ്റത്തേക്കും മറ്റുള്ളവ മാളികപ്പുറത്തേക്കും എത്തിക്കും. ആറരയ്ക്ക് തിരുവാഭരണം ചാർത്തി ദീപാരാധന. ഇതേസമയത്ത് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.
ബുധനാഴ്ച മലകയറ്റത്തിന് നിയന്ത്രണം കൂട്ടിയിട്ടുണ്ട്. രാവിലെ 11 മുതൽ പമ്പയിൽനിന്ന് മലകയറ്റത്തിന് അനുമതിയില്ല. രാവിലെ പത്തുമുതൽ നിലയ്ക്കൽ-പമ്പ ഗതാഗതവും ഉണ്ടായിരിക്കില്ല.
sabarimala


_(17).jpeg)





_(17).jpeg)





.jpeg)


















